Archive for September, 2011

കണ്ണുകള്‍ അടയ്ക്കാനുള്ള ശ്രമം നടത്തി നോക്കിയെങ്കിലും തോറ്റ്‌ പിന്‍മാറി….
ഒന്നും മനസ്സിലാവണില്ല അല്ലേ !!?
അവന്‍ ഫോണില്‍ ചിലവഴിച്ച സമയത്തെക്കുറിച്ച്‌ ഞാന്‍ പോസ്റ്റിയത്‌ ഒന്നൂടെ എടുത്ത്‌ വായിക്ക്‌ അപ്പൊ മക്കള്‍ക്ക്‌ മനസ്സിലാവും !
വാരണം ആയിരത്തെക്കുറിച്ച്‌ എഴുതിയത്‌ കണ്ടോ…. !!?എന്നിട്ടും ക്ളിക്കായില്ലേ…. !!
ഉവ്വാ….
താഴത്തെ ബര്‍ത്തില്‍ ഒരു സുന്ദരി കൊച്ചോണ്ട്‌ !
ഞാന്‍ പുറമേ വായിനോക്കിയല്ലാ എന്നു വെയിറ്റിട്ട്‌ നടക്കുന്ന പാവമാ….ശരിയാ…. പക്ഷെ ഞാനും ആണ്‍കൊച്ചനല്ലേ….ഹൃദയത്തിണ്റ്റെ അടിത്തട്ടില്‍ ഒരു കാമുകിയില്ലെന്ന വേദന എന്നേയും അലട്ടുന്നുണ്ട്‌….
കുറേയെണ്ണത്തിനേ പ്രേമിച്ച്‌….വേറൊരുത്തിയെ കെട്ടുന്ന ഈ ലൈന്‍ സമ്പ്രദായത്തോടെനിക്ക്‌ പരമ പുച്ഛമാണേ…. പക്ഷെ എന്നെ മനസ്സിലാക്കുന്ന ഒരുത്തിയേ എനിക്ക്‌ മാത്രമായി കിട്ടുക എന്നത്‌ പണ്ടുതൊട്ടേയുള്ള സ്വപ്നമാ…
എവിടെ…
അങ്ങനൊരു പെണ്ണിനേം ഇതുവരെ പരിചയപ്പെട്ടിട്ടില്ല…. അപ്പൊഴാ ദേ ഈ സംഭവാമി യുഗേ യുഗേ….
മുടിയൊക്കെ സ്റ്റ്രേയിറ്റന്‍ ചെയ്ത്‌..,ലിപ്‌ സ്റ്റിക്കുമിട്ട്‌…,പശു അയവറക്കുന്ന പോലെ ബബിള്‍ ഗം ചവയ്ക്കുന്ന …,കഥകളിയ്ക്ക്‌ മേയ്ക്കപ്പ്‌ ഇട്ടിരിക്ക്ക്കുന്ന പോലത്തെ രൂപമാണ്‌ എല്ലാരുടേയും മനസ്സില്‍ വരുന്നതെന്നെനിക്ക്‌ ഊഹിക്കാം….
തെറ്റി മക്കളേ…തെറ്റി….
ഇത്‌ നാച്വറല്‍ ബ്യൂട്ടി….
പാവമാണെന്ന് കണ്ടാല്‍ തന്നെ പറയും….
അല്ല…പക്ഷെ അതൊരു മാനദണ്ഡമായി കാണാന്‍ പറ്റില്ല…
പണ്ട്‌ തിയേറ്ററില്‍ വെച്ചുണ്ടായ അനുഭവം ഓര്‍മ്മയുണ്ടല്ലോ…. (*അത്‌ അറിയാത്തവര്‍ ക്ഷമിക്കുക…..ദയവായി പണ്ടത്തെ പോസ്റ്റുകള്‍ വായിക്കാന്‍ അപേക്ഷിക്കുന്നു… )
ആഹ്‌…അവളും എന്‍ജിനീയറിങ്ങില്‍ തന്നെ കുരുങ്ങി കിടക്കുന്ന ഒരു നിരാലംബയാണെന്നു കയ്യിലുള്ള ആ എന്‍ജിനീയറിംഗ്‌ മാക്സ്‌ III ടെക്സ്റ്റ്‌ കണ്ടാല്‍ അറിയാം…
ഓഹോ അപ്പൊ കൊച്ച്‌ ഒന്നെങ്കില്‍ ഒന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ്‌ ചുമ്മാ സമയം കളയാതെ സെം 3 പഠിയ്ക്കാന്‍ ശ്രമിക്കുവാ…
അല്ലേല്‍ ഈ കൊച്ച്‌ രണ്ടാം കൊല്ലം കഴിഞ്ഞ്‌ തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
പോട്ടെ..
എന്തായാലും മാനേജ്‌ ചെയ്യാം….
ആ ബുക്ക്‌ പൊതിഞ്ഞിരിക്കുന്ന രീതി കണ്ടാലറിയാം ഇത്‌ പഠനത്തില്‍ പുലിയാണെന്ന് !
അല്ലാ…
ഞാന്‍ ഇത്രേമൊക്കെ കാടുകേറി ചിന്തിക്കുന്നതെന്തിനാ…
ആ കൊച്ചെന്നോട്‌ സംസാരിച്ചാ … !!?
ഇല്ലല്ലോ…
അറ്റ്‌ലീസ്റ്റ്‌ ഈ പരിസരത്തോട്ടൊന്ന് നോക്കിയോ !!?
എവിടെ…
ഏതോ കുടുംബത്തില്‍ പിറന്ന ഊരും പേരും അറിയാത്ത ഒരു മാലാഖയേക്കുറിച്ചോര്‍ത്ത്‌ ഞാന്‍ എന്തിനു റ്റെന്‍ഷനടിയ്ക്കണം….
ഏയ്‌ ….
ഈ പ്രേമമൊന്നും ഭാഗ്യവും ചങ്കൂറ്റമൊന്നുമില്ലാത്തവര്‍ക്ക്‌ പറഞ്ഞിട്ടൊള്ള പണിയല്ലാ….
ഓഹ്‌ നാശം ഉറക്കവും പോയി…
ഞാനൊന്ന് നടക്കാന്‍ പോയി….
കാറ്റും കൊണ്ട്‌ ഡോറരികില്‍ നിന്നു….
പിന്നേം നമ്മടെ ടി.ടി.ആറ്‍. അണ്ണന്‍ പൊക്കി…
ഇനി കറങ്ങി നടക്കുന്നത്‌ പന്തിയല്ല…..
സമയം 1 ആവുന്നു….
മുകളിലേ ബര്‍ത്തിലേക്ക്‌ വലിഞ്ഞ്‌ കേറുമ്പോഴും അവളുടെ മുഖത്തേക്ക്‌ നോക്കാതിരിയ്ക്കാന്‍ ഞാന്‍ ശ്രമിയ്ക്കുണ്ടായിരുന്നു…
എവിടെ…
അറിയാതെ ആ മുടിയിഴകള്‍ വീണു കിടക്കുന്ന സുന്ദര വദനത്തിലേക്ക്‌ കണ്ണൊന്ന് പാഞ്ഞു…
തീര്‍ന്നു….
ഇന്നിനി ഉറക്കം വരില്ലാ….
തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി…
നോ രക്ഷാ….
എന്നാല്‍ നല്ല ക്ഷീണമുണ്ട്‌ താനും…. കാരണം ഇടയ്ക്കിടക്ക്‌ കോട്ടുവായിടുന്നൊണ്ട്‌ !!
അവസാന ശ്രമം നടത്താന്‍ തീരുമാനിച്ചു…
മനസ്സിലായില്ലാ….. !?
ച്ഛേ….മ്‌ളേച്ഛന്‍മാര്‍….വൃത്തികേടിനൊന്നും പോവാനല്ലാ…
ഞാന്‍ ഉറങ്ങാന്‍ ഒരു ഐഡിയ കണ്ടുപിടിച്ചൂന്ന്….
നാലാം സെമസ്റ്ററില്‍ പഠിക്കേണ്ടിയിരുന്ന കുറച്ച്‌ നോട്ട്സ്‌ ഫോട്ടോസ്റ്റാറ്റ്‌ എടുത്തത്‌ ബാഗില്‍ അടിത്തട്ടില്‍ തപ്പിയപ്പോള്‍ കിട്ടി…..
(*പരീക്ഷയ്ക്ക്‌ മുമ്പ്‌ പഠിയ്ക്കേണ്ട സാധനങ്ങളാ…. )
ചുമ്മാ ഒന്നു കണ്ണോടിച്ച്‌ നോക്കി….
ഏവിടെ !!?
ഏത്‌ മൊഡ്യൂള്‍ ആണെന്ന് പോയിട്ട്‌ ഏത്‌ വിഷയമാണെന്നു പോലും ക്ളിക്കായില്ല ! 😀
അതാലോചിച്ച്‌ സമയം കളഞ്ഞില്ല…
ചുമ്മാ ആദ്യത്തെ 2 വരി വായിച്ചത്‌ എനിക്ക്‌ ഓര്‍മ്മയുണ്ട്‌….
ഈ സ്വിച്ച്‌ ഓഫ്‌ ആക്കുമ്പൊ മൊബൈല്‍ ഓഫാവുന്ന പോലെ മനുഷ്യനെ ഉറക്കാന്‍ മുതുകാടും സാമ്രാട്ടും ഒക്കെ ശ്രമിയ്ക്കില്ലേ….
ചക്ക വെട്ടിയീട്ടപോലെ ഞാന്‍ ഉറങ്ങിപ്പോയി…..!!!

**********************************************************

രാവിലേ തല എവിടെയൊക്കെയോ ഇടിച്ച്‌ ഞാന്‍ എണീറ്റു….
തലയും തിരുമ്മി കണ്ണു തുറന്നു വാച്ചില്‍ നോക്കുമ്പോ സമയം 6:50 !
ശ്ശൊ…ഗതികേട്‌….. ഇനി ഏതാണ്ട്‌ ഒരു മണിക്കൂറേ ഒള്ളു ചെന്നൈയിലെത്താന്‍…. എണീയ്ക്കട്ടെ….
താഴെ ഇറങ്ങുമ്പൊ അവള്‍ വായനയില്‍ തന്നാ…. ഞാന്‍ മൈന്‍ഡ്‌ ചെയ്തില്ലേ….
പല്ലൊക്കെ തേച്ച്‌ തിരിച്ചെത്തിയപ്പോഴാ ഓര്‍ത്തെ…കര്‍ത്താവേ… ഞാന്‍ ഒറ്റയ്ക്കല്ലല്ലൊ വന്നേ…. തലയെന്തിയേ…. !?
ഹ…എണ്റ്റെ തലയല്ലാ….
കൂടെ വന്നവനേ…. നേതാവേ….
ബര്‍ത്തില്‍ ബാഗൊണ്ടല്ലൊ…. എവിടെപ്പോയി….!!?
ഞാന്‍ അന്വേഷിച്ച്‌ നടക്കാന്‍ തുടങ്ങി… ദേ ലവന്‍….
ഒരു പത്തുപതിനാറു വയസ്സൊള്ള മദാമ്മ കൊച്ചിനോടും അവള്‍ടെ അമ്മ ഒരു 30-35 തോന്നിയ്ക്കുന്ന മദാമ്മയോടും സംസാരിയ്ക്കുന്നു….
വഴിയില്‍ പരിചയപ്പെടുന്ന ആരേയും കറക്കിയെടുത്ത്‌ സുഹൃത്ത്‌ ബന്ധം വളര്‍ത്താന്‍ മിടുമിടുക്കനാ പയ്യന്‍…
പൊന്നോ….
ഇല്ല… ഇനിയും ഒരു കൊച്ചിനേം കൂടെ കറക്കിയെടുക്കാന്‍ ഞാന്‍ സമ്മതിയ്ക്കൂല !
(*വേണേല്‍ ആ മദാമ്മയേം ഞാന്‍ സഹോദരിയായിട്ട്‌ കൂട്ടിക്കൊള്ളാം…. )

“കര്‍ത്താവേ കൂടെ നില്‍ക്കണേ…. ”

ഇല്ലാ…ആ കൊച്ചിനും യോഗമില്ലാ…. !
ഞാന്‍ എത്തുമ്പോഴേക്ക്‌ അവനെ കെട്ടിപിടിച്ച്‌ യാത്രയും പറഞ്ഞ്‌ അവരങ്ങ്‌ പോയി…. അവനാണേല്‍ ആ കെട്ടി പിടിയ്ക്കലില്‍ അലിഞ്ഞ്‌…ലോകം കീഴടക്കിയ സന്തോഷത്തോടെയാ വരവ്‌… തെണ്ടീ….
അടുത്ത്‌ സൈഡില്‍ തന്നെ വന്നിരുന്നു….
ഇപ്പോഴും മുഖത്താ പുഞ്ചിരിയൊണ്ട്‌…
പക്ഷെ എന്നാലും കുറുക്കണ്റ്റെ കണ്ണ്‍ കോഴിക്കൂട്ടില്‍ തന്നെ….. അപ്പുറത്തിരിയ്ക്കുന്ന മറ്റേ കൊച്ചിനേ നോക്കുന്നു…..
തെണ്ടി…
ഞാന്‍ എങ്ങനാ പറയുന്നെ അതില്‍ എനിക്കൊരു കണ്ണൊണ്ടെന്നു…
പക്ഷെ നമ്മടെ കൊച്ച്‌ മാന്യയാ….
അവളാരേം നോക്കില്ല….

സൈഡിലിരുന്ന ചേട്ടന്‍ പോയപ്പൊ ഞാന്‍ വിന്‍ഡോ സീറ്റില്‍ എത്തി… ലവളുടെ ഒപ്പോസിറ്റ്‌ !
ഞാന്‍ പാവം….മൈന്‍ഡ്‌ ചെയ്യാതെ അങ്ങനെ ഇരുന്നു…

പെട്ടെന്ന്…..

അവള്‍,”എക്സ്‌ക്യൂസ്‌ മീ… ”

ഞാന്‍ തരിയ്ച്ചിരുന്ന് പോയി… ആരും കാണാതെ എണ്റ്റെ കാലില്‍ ഒന്നു നുള്ളി നോക്കി….പുല്ല്‌….സത്യമാ….എന്നോട്‌ തന്നെയാ നമ്മടെ കൊച്ച്‌ സംസ്സരിയ്ക്കാന്‍ തുടങ്ങുന്നെ….

ഞാന്‍,”യ്‌..യെസ്‌…. ”

“ഇത്‌ ചേട്ടണ്റ്റെ ആണൊ… !!?”
2-3 സെറ്റ്‌ പേപ്പര്‍ കാണിക്കുന്നൊണ്ട്‌…

ആത്മഗതം,”എവിടെയോ കണ്ടിട്ടുണ്ടല്ലോ…ദൈവമേ ഇന്നലെ ഉറങ്ങാന്‍ വായിച്ച സെമെസ്റ്റര്‍ 4 നോട്ട്‌ ! കര്‍ത്താവേ പണി പാളല്ലേ…കൂടെയുണ്ടാവണേ…. ”

“ഓ….യെസ്‌……. എണ്റ്റെയാ….താങ്ക്സ്‌ എ ലോട്ട്‌… ഇന്നലെ വായിക്കുന്നതിണ്റ്റെ ഇടയില്‍ എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി….ഞാന്‍ രാവിലെ നോക്കിയപ്പോഴൊന്നും കണ്ടില്ല… ”

അവളതെണ്റ്റെ കയ്യിലേക്ക്‌ തന്നു….
ചെറുതായിടൊന്നു തൊട്ടു എന്നു തോന്നുന്നു….എന്തായാലും തൊട്ട പോലെ രോമാഞ്ചം ഒണ്ടായി….
അവള്‍ടെ അമ്മ അപ്പുറത്തിരുന്നു നോക്കുന്നത്‌ മൈന്‍ഡ്‌ ചെയ്യാതെ

ഞാന്‍ തുടര്‍ന്നു,”വണ്‍സ്‌ എഗേയിന്‍ താങ്ക്സ്‌… ”

“ഹേയ്‌….അല്ലാ…ഇപ്പൊ ഏത്‌ ഇയറാ… !?”

“2ന്‍ഡ്‌ ഇയര്‍ കഴിഞ്ഞു…ഇ.സി.ഇ…. താനൊ !?”

“1സ്റ്റ്‌ ഇയര്‍ കഴിഞ്ഞു….ഇ.സി.ഇ. ”

“ഓഹോ…ഇപ്പൊ തന്നെ മൂന്നാം സെമെസ്റ്റര്‍ പഠിക്ക്ക്കുവാണോ…. !!? ”

“അപ്പൊ ചേട്ടന്‍ ഇന്നലെ പഠിച്ചു എന്നു പറഞ്ഞത്‌ കഴിഞ്ഞ സെമെസ്റ്ററിണ്റ്റെയാന്നോ… !!?”

അവളുടെ ചോദ്യം കേട്ട്‌ അടുത്തിരിയ്ക്കുന്ന തല ആക്കിയൊരു ചിരി….

ഞാന്‍ വിടുവോ..,”കഴിഞ്ഞ സെമെസ്റ്റര്‍ ആണെടാ….ബട്ട്‌ അത്‌….എനിക്ക്‌ പെട്ടെന്നാ ഓര്‍മ്മ വന്നെ….എക്സാമിന്‌ ഞാന്‍ എഴുതിയ ഒരുത്തരം തെറ്റിയിട്ടില്ലല്ലോ എന്നു ഞാന്‍ നോക്കുവായിരുന്നു….. ”

ഉത്തരം കേട്ട്‌ വിരുതന്‍ ‘തല’ പോലും അന്തം വിട്ടു പോയി !!

“ഓ ഐ സീ….ഐ ആം സെറാ…സി.ഇ.ടി.യില്‍ പഠിയ്ക്കുന്നു…. ”

ഇതും പറഞ്ഞ്‌ എനിയ്ക്കൊരു ഷേക്ക്‌ ഹാന്‍ഡ്‌ !

******ദൈവം അനുവദിച്ച്‌ തുടരും********

Advertisements