ആഹ്‌ ദിവസോം രാവിലെ തന്നെ ഞങ്ങള്‍ ചെന്നൈ തെണ്ടാന്‍ ഇറങ്ങും…

എന്താ ഇത്ര ചിരിക്കാന്‍ !?

ചെന്നൈയില്‍ തെണ്ടാന്‍ ഇറങ്ങും എന്നല്ല പറഞ്ഞത്‌ ….. ചെന്നൈ മൊത്തം നടന്ന് തെണ്ടും എന്ന് !

അങ്ങനെ പറയാന്‍ കാരണം എന്താണെന്ന് വെച്ചാല്‍ ഞങ്ങള്‍ ഒരുകാരണവും ഇല്ലാതെ ഒരു ലക്ഷ്യവും ഇല്ലാതെ ഇങ്ങനെ സകല സ്ഥലങ്ങളിലും തെരുവുകളിലും ഹോട്ടലുകളിലും ഈ അണ്ണന്‍മാരുടേയും അണ്ണികളുടേയും സംസ്കാരവും സംസ്കാരമില്ലായ്മയും മനസ്സിലാക്കി ഇങ്ങനെ നടക്കും…..

ചുമ്മാ അങ്ങനെ നടക്കും….

വെറുതെ ഒരു കാര്യവുമില്ലാതെ…..

രാവിലെ കുളിച്ചൊരുങ്ങി കിടിലം കൂളിംഗ്‌ ഗ്ളാസ്സും ലാപ്പ്ടോപ്പ്‌ ബാഗും തൂക്കി ഇറങ്ങുന്നത്‌ കണ്ടാല്‍ ശരിക്കും തോന്നും നമ്മടെ പുളുവടിയന്‍ ട്രെയിനില്‍ പറഞ്ഞപോലെ ഞങ്ങളൊക്കെ ബില്‍ ഗേറ്റ്സ്‌ കൂലിക്ക്‌ വച്ചേക്കുന്ന മടിയന്‍മാരായ ബുദ്ധിരാക്ഷസന്‍മാര്‍ ഐ.ടി. കൂലീസ്‌ ആണെന്ന്….

ഈ ഞങ്ങടെ താജ്‌ ഹോട്ടലിന്‌ ഒരു സെക്യൂരിറ്റി ഒണ്ടാരുന്നു…. വെള്ളമടിയ്ക്കാന്‍ മാത്രം വാ തൊറക്കുന്ന മനുഷ്യന്‍ !

ആഹ്‌ കാളിയപ്പന്‍ എന്നൊരു പാവം നീര്‍ക്കോലി….

പക്ഷെ ബൂസ്റ്റ്‌ അങ്ങോട്ട്‌ ഉള്ളില്‍ ചെന്നാല്‍ പിന്നെ ആള്‌ ചീറും….രാജവെമ്പാലയാ….

കുറച്ചങ്ങോട്ട്‌ കഴിഞ്ഞാല്‍ എനര്‍ജി തീര്‍ന്ന് ഓഫ്‌ ആവും…. പിന്നെ എലിയെ പോലെ ചുരുണ്ട്‌ കിടന്ന് കിടന്ന് ഉറങ്ങും !

പിന്നേം ഞങ്ങളുടെ അടുത്ത്‌ കൈ നീട്ടും പൈസയ്ക്ക്‌…. കരഞ്ഞ്‌ കാണിക്കും !!

നാല്‍പ്പത്‌ കൊല്ലമായി ഈ സര്‍വ്വീസിലാന്ന് പറയും ….

(ഇയാള്‍ടെ ലിവര്‍ … കരള്‍ ഇത്രയും കാലം സര്‍വ്വീസ്‌ ചെയ്യേണ്ടി വന്നിട്ടില്ലാ എന്നുള്ളതിനു പിന്നിലെ ചുരുളഴിയാത്ത രഹസ്യം വൈദ്യ ശാസ്ത്രത്തില്‍ എങ്ങും വെളിപ്പെടുത്തിയിട്ടില്ലാ എന്നാണ്‌ ഈ അടിയന്‍ മനസ്സിലാക്കുന്നത്‌ ! )

“എന്ത്‌ സര്‍വ്വീസ്‌.. ??”

വെള്ളമടിയോ എന്ന് ചോദിച്ച്‌ ഞങ്ങള്‍ ആംഗ്യം കാണിക്കുമ്പൊ ആളൊന്ന് ചുമ്മാ നാണത്തോടെ ചിരിക്കും….പെണ്ണുകാണാന്‍ വരുമ്പോ പഴയ മലയാളി മങ്കമാര്‍(ഇന്നത്തെ മല്ലു മങ്കികള്‍ അല്ല !) കാല്‍ വിരല്‍ കൊണ്ട്‌ ചിത്ര രചന വൈഭവം കാണിക്കും….

ശ്ശൊ…എന്തൊരു വിനയം…. സംവിധായകന്‍ വിനയന്‍ പോലും ധിത്‌ കണ്ടാല്‍ ആയാളുടെ പേരുമാറ്റും !

ഞങ്ങള്‍ എല്ലാരും കൂടെ അഞ്ചോ പത്തോ വെച്ച്‌ കൊടുക്കും… അതിനു ലോകത്ത്‌ വേറേ എവിടെയും കിട്ടാത്ത കൂതറ സാധനം അടിച്ച്‌ രാത്രി തിരിച്ച്‌ വരുമ്പൊ ഞങ്ങള്‍ക്ക്‌ തന്നെ പണി തരും….

പിറ്റേന്ന് ഇതൊന്നും ഓര്‍മ്മയില്ലാത്ത പോലെ ബൂസ്റ്റിനു പൈസ ചോദിക്കും….

സത്യത്തില്‍ ഇത്രയ്ക്ക്‌ ലോക്കല്‍ ഐറ്റംസ്‌ ഇവിടെ ഉണ്ടായിട്ടും മണിച്ചനേയും ദ്രവ്യനേയും ഒക്കെ വെല്ലാന്‍ പറ്റിയ ടീംസ്‌ ഇവിടെ വാറ്റുന്നുണ്ടെങ്കിലും ഒരു മദ്യ ദുരന്തം പോലും അണ്ണന്‍മാര്‍ അനുഭവിച്ചിട്ടില്ലാ !

എന്താ കാരണം !?

ആഹ്‌ എനിക്കറിഞ്ഞൂടേ…ഞാന്‍ കുടിയന്‍ അല്ല…. ടേസ്റ്റ്‌ ചെയ്ത്‌ പോലും നോക്കിയിട്ടില്ല !

ഞാന്‍ വിഷയത്തില്‍ തെന്നി മാറി പോവുന്നു അല്ലെ…. എന്തുവാ പറഞ്ഞ്‌ വന്നത്‌ ആഹ്‌….രാവിലെയുള്ള ഞങ്ങളുടെ പോക്ക്‌…

ഞങ്ങള്‍ ഓഫീസില്‍ പോവുകയാണെന്ന ധാരണയില്‍ പൈസ കിട്ടിയതില്‍ സന്തോഷിച്ച്‌ കാളി ചേട്ടന്‍ ഒരു സല്യൂട്ട്‌ തരും.. ഹൊ… അത്‌ കിട്ടുമ്പോഴുള്ള ആ ആത്മസംതൃപ്തി പറഞ്ഞറിയിക്കാന്‍ ആവില്ല !

വാല്‍ ഞങ്ങള്‍ വല്യ ഉദ്യോഗസ്ഥരാണെന്ന് നുണ പറഞ്ഞേക്കുന്നത്‌ കൊണ്ടുള്ള ഒരോ ഗുണങ്ങളേ !

പിള്ളേരില്‍ കുറേ പേര്‍ക്ക്‌ ഈ ചുറ്റി കറക്കത്തില്‍ ഒന്നും വല്യ താത്പര്യം ഇല്ല…അവരൊക്കെ താജിലേ അവരവരുടെ ഗുഹകളില്‍ നിന്ന് ഫുഡ്‌ അടിക്കാനെ വെളിയില്‍ ഇറങ്ങാറൊള്ളു….

സത്യത്തില്‍ ഞാന്‍ അവരുടെ പോലെയാ നാട്ടില്‍…. ഞാന്‍ പറഞ്ഞിട്ടില്ലേ ഹോസ്റ്റലില്‍ ഞാന്‍ റൂമില്‍ നിന്ന് കഴിക്കാനെ പുറത്തിറങ്ങാറൊള്ളു എന്നു… എന്തുകൊണ്ടാ !?

ഓ അവിടെ എനിക്ക്‌ പറ്റിയ നല്ല കൂട്ടുകാരൊന്നും ഇല്ലാഞ്ഞിട്ട്‌ തന്നാ….

ഈ ചെന്നൈ ടീംസാ എനിക്ക്‌ പറ്റിയത്‌….

ദുശ്ശീലങ്ങള്‍ തീരെയില്ലാ…

എന്നേക്കാള്‍ അഹങ്കാരികള്‍….

വിവിധ മേഖലകളില്‍ പുലികള്‍…പക്ഷെ പാവങ്ങള്‍….

ഒരേ സ്വഭാവക്കാര്‍ ആരുമില്ല…

ശരിക്കും ഒരു ബാന്‍ഡ്‌ തുടങ്ങിയാല്‍ ‘അവിയല്‍’ എന്ന പേരു മാത്രമേ ചേരു !

ഒരുപാട്‌ നടന്ന്‌ നടന്ന്‌ തളരുമ്പോള്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ കേറും… ഞാന്‍ കഴിക്കാത്ത പുതിയ എന്തെങ്കിലും ഒരു ഐറ്റം തട്ടും…. തൈരു വട അടക്കം അങ്ങനെ പല നല്ല സ്വാദുകളും നാവില്‍ തൊടാന്‍ ഭാഗ്യം കിട്ടിയത്‌ അങ്ങനെയാണ്‌…

ഒരു മുട്ടന്‍ അബദ്ധവും പറ്റി.. പേര്‌ ഞാന്‍ ഇവിടെ പറയുന്നില്ല !

സ്ഥിരം ഞാന്‍ പുതിയ രുചി ഏതേലും ഓര്‍ഡര്‍ ചെയ്യുമ്പൊ തന്നെ പിള്ളേര്‍ ഉപദേശിക്കും…

“എടാ വെറുതെ ആവ്ശ്യമില്ലാത്തതൊന്നും മേടിച്ച്‌ വയര്‍ നശിപ്പിക്കേണ്ടാ…. ”

ഞാന്‍ വിടുവോ..,”എടാ കിഴങ്ങന്‍മാരേ നമ്മള്‍ ഏതായാലും പൈസ മുടക്കുന്നു…എന്നാല്‍ പിന്നെ പുതിയ രുചി എങ്കിലും പരീക്ഷിച്ചുകൂടേ….. ഇതൊക്കെയല്ലേ യാത്രയില്‍ നിന്ന്‌ നമുക്ക്‌ കിട്ടുന്ന അനുഭവങ്ങള്‍ !”

അവന്‍മാര്‍ അതോടെ വേറേ പണി നോക്കും… അന്നും അത്‌ തന്നെ പറഞ്ഞു…. ഞാന്‍ കേട്ടില്ല !

സപ്ളയര്‍ അഹങ്കാരത്തോടെ വന്ന്‌ ടേബിളിലോട്ട്‌ വന്ന്‌ ഫുഡ്‌ തട്ടി ….

ഓ ഇയാള്‍ടെ ഭാവം കണ്ടാല്‍ ഞാന്‍ ഇയാള്‍ടെ മോള്‍ടെ കെട്ടിയോന്‍ ആണെന്ന്‌ തോന്നും….

ഞാനും ഒന്നു തുറിച്ച്‌ നോക്കി…. ജാഡയില്‍ എന്നെ വെല്ലാന്‍ ഒരു കോപ്പനേയും ഞാന്‍ സമ്മതിക്കാറില്ല….അതിപ്പൊ സൂപ്പര്‍ സ്റ്റാര്‍ രായപ്പന്‍ വന്നാലും ഞാന്‍ ജാഡ കാണിക്കും….

ഈ ജാഡ തെണ്ടി എന്നൊക്കെ എന്നേയും ക്രിക്കറ്റ്‌ താരം ഗോപുമോനേയും ഒക്കെ വിളിക്കുമെങ്കിലും ഞങ്ങള്‍ വെള്ളക്കാരുടെ നാട്ടില്‍ ചെന്നാല്‍ ഭയങ്കര വിലയാരിക്കും !

കാരണം ഈ ജാഡ കാണിക്കുന്നതിനാ ഇംഗ്ളീഷുകാര്‍ ആറ്റിറ്റ്യൂഡ്‌ എന്ന്‌ വിളിക്കുന്നത്‌….

അവരുടെ കണ്ണില്‍ … ശ്ശോ ഞങ്ങളേ സമ്മതിയ്ക്കണം !! കട്ട പുലികള്‍ !!

ആഹ്‌ അപ്പൊ സപ്ളയര്‍ പ്ളേറ്റ്‌ വെച്ചിട്ട്‌ പോയി…എല്ലാരും അവരവരുടെ പ്ളേറ്റിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിച്ച്‌ തുടങ്ങിയത്‌ ഞാന്‍ ചെയ്ത്‌ പുണ്യം കാരണം ആവാം…

കാരണം ആദ്യത്തെ ഒരു നുള്ള്‌ വായിലേക്ക്‌ വെച്ചപ്പൊ തന്നെ പണ്ട്‌ ‘പച്ചാളം ഭാസി’യുടെ മുഖത്ത്‌ വിരിഞ്ഞ ആ നാല്‌ രസങ്ങളില്‍ ഒന്ന്‌ ഈ ഒടുക്കത്തെ ഗ്ളാമര്‍ മുഖത്ത്‌ വിരിഞ്ഞു…

(ഞങ്ങള്‍ ലോഡ്ജില്‍ ആകെ ബഹളം വെക്കുമ്പൊ സെക്യൂരിറ്റി മിസ്റ്റര്‍ കാളി പറയുന്ന ആ ഡയലോഗ്‌ നാവില്‍ വന്നുപോയി… )

“കടവുളേ…കാപ്പാത്തുങ്കോ… ”

ആരും കേള്‍ക്കാഞ്ഞത്‌ ഭാഗ്യം… ഞാന്‍ ഫുഡ്‌ മോശം ആയി എന്ന്‌ പറഞ്ഞാല്‍ എല്ലരുടെയും മുന്നില്‍ തോല്‍ക്കുന്നതിന്‌ തുല്യം…

എല്ലാവരും എന്തൊക്കെയോ കോമഡി ഒക്കെ പറഞ്ഞ്‌ ചിരിക്കുന്നൊണ്ട്‌…

ഞാന്‍ അത്‌ കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല…എന്നാലും ചിരിച്ച്‌ കൊടുക്കുന്നുണ്ടായിരുന്നു…

മിസ്റ്റര്‍ ബീനിനു ഇഷ്ടപ്പെടാത്ത ഫുഡ്‌ ഒളിപ്പിക്കാന്‍ ഒരുപാട്‌ വഴികള്‍ ഉണ്ടായിരുന്നു…

ഇവിടെ അതൊന്നും നടപ്പില്ല !

അവസാനം ‘ഹരികൃഷ്ണന്‍’മാര്‍ ജൂഹി ചൌള ഉണ്ടാക്കിയ ചവര്‍ കഷ്ടപ്പെട്ട്‌ വെട്ടി വിഴുങ്ങിയത്‌ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ തുടങ്ങി….

അവസാനത്തെ ഒരു കവിള്‍ വായില്‍ തന്നെ തിരുകി ഞാന്‍ കൈ കഴുകാനെന്ന വ്യാജേന ടോയിലെറ്റിലേക്ക്‌ ഓടി….

വായില്‍ തിരുകിയതെല്ലാം തുപ്പി കളഞ്ഞു….

വാ കഴുകി… പല വട്ടം !

പുറത്തിറങ്ങിയ പാടേ ഓടി ചെന്ന്‌ രാവണന്‍ കഴിച്ചോണ്ടിരുന്ന ജ്യൂസില്‍ ബാക്കി ഞാന്‍ അങ്ങ്‌ ഒറ്റ വലിക്ക്‌ കുടിച്ച്‌ വറ്റിച്ചു…. ടേസ്റ്റ്‌ നാവില്‍ നിന്ന്‌ പോവാനായിട്ടാ….

പക്ഷെ ഞാന്‍ പറഞ്ഞു ഒടുക്കത്തെ എരിവായിരുന്നു ഫുഡിനെന്ന്‌… ടേസ്റ്റ്‌ ഉഗ്രന്‍ ആയിരുന്നു എന്ന്‌ അവസാനം പറഞ്ഞ്‌ നിര്‍ത്തി….

അവന്‍ തെറി വിളിക്കാന്‍ മുതിരുന്നതിനു മുന്നേ ഞാന്‍ അവന്‌ ഒരു ജ്യൂസ്‌ അവന്‌ ഓര്‍ഡര്‍ ചെയ്ത്‌ കൊടുത്തകൊണ്ട്‌ അപ്പനു വിളി കേള്‍ക്കേണ്ടി വന്നില്ല !

ലാസ്റ്റ്‌ ബില്ല്‌ കൊടുത്ത്‌ കഴിഞ്ഞപ്പോള്‍ നമ്മടെ ഐ ഫോണ്‍ കാരന്‌ ടിപ്പ്‌ കൊടുക്കണം എന്നു…

കൂട്ടത്തില്‍ ഞാന്‍ ആ സപ്ളയറെ അടുത്ത്‌ വിളിച്ച്‌ 10 രൂപാ കൊടുത്തിട്ട്‌ പറഞ്ഞു… ,അത്‌ പാചകം ചെയ്ത മഹാന്‌ ആ പൈസ കൊടുക്കണം എന്ന്‌…

സത്യം ബാക്കിയാര്‍ക്കും അറിയില്ല !

അയാള്‍ടെ പിതാമഹന്‍മാരെ വരെ ഞാന്‍ പ്രാകിയിട്ടുണ്ട്‌…

ഇനി ഇടിത്തീ എങ്ങാനും തലയില്‍ വീണാല്‍ ആശുപത്രീല്‍ കൊണ്ടുപോവാന്‍ ആ പൈസ ഉപകരിക്കട്ടെ എന്ന്‌ മനസ്സില്‍ കരുതി കൊടുത്തതാ… !!

~~ ദൈവം അനുവദിച്ച്‌ തുടരും….

Comments
  1. manesh mann says:

    ദൈവം സഹായിക്കും, ഇനിയും തുടരാൻ. പക്ഷെ വിഷയത്തിൽ നിന്ന് പലതവണ തെന്നിമാറി പോകുന്നു. സംഗതി അത് പോസ്റ്റിനു വലുപ്പം കൂട്ടും, പക്ഷെ വായിക്കാനുള്ള ഒഴുക്ക് നഷ്ടാവുന്നു. അതൊന്ന് ശ്രദ്ധിക്കണം ട്ടോ, നല്ലതാ ട്ടോ, ആശംസകൾ.

    • ബ്ളോഗിംഗ്‌ വെറും കഥ പറച്ചില്‍ ആയിട്ടല്ല ഞാന്‍ കരുതുന്നത്‌….അതുകൊണ്ടാ ഇടയ്ക്കിടെയ്ക്ക്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വിഷയത്തില്‍ നിന്ന് തെന്നി മാറുന്നത്‌ ! ഞാന്‍ ആ പരിപാടി ഇനി കുറച്ചോളാം….നന്ദി….

Leave a reply to വടക്കന്‍ അച്ചായന്‍ Cancel reply