Archive for the ‘സിനിമ’ Category

ങാ അപ്പൊ പണി…

അന്ന്‌ രാത്രി നേരത്തേ തന്നെ ഉറങ്ങാന്‍ കിടന്നു… ഉറങ്ങാനല്ല… ആലോചിക്കാന്‍… !

മലപ്പുറത്തെ ഒരു എന്‍ജിനീയറിംഗ്‌ കോളേജില്‍ ഒരു കിണ്ണന്‍ അടി നടന്നത്‌ ഓര്‍മ്മയിലേക്ക്‌ വന്നപ്പൊ സമയം 1 കഴിഞ്ഞു…

അവിടുത്തെ യുവജനോത്സവം…ഞാനും കാണാന്‍ പോയിരുന്നു… അയ്യെ ച്ഛായ്‌ ! പ്രോഗ്രാം കാണാന്‍ ഒന്നും അല്ല… അടി കാണാന്‍ തന്നെ… അന്നവിടെ അടി നടക്കും എന്ന്‌ നാട്ടിലേ എല്ലാവര്‍ക്കും അറിയാര്‍ന്നു…അതു പിന്നെ ഒറപ്പല്ലേ…

ലാബിലേ എക്സ്പിരിമെണ്റ്റ്സ്‌ ചെയ്ത്‌ ചുമ്മാ ബോറടിച്ചപ്പൊ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും നാലാം വര്‍ഷ വിദ്യാര്‍ഥികലും കൂടെ ഒരടി തുടങ്ങി വെച്ചു… ങാ സീനിയേര്‍സിനെ അടിച്ച്‌ നിരത്തി എന്ന്‌ മാത്രമല്ല 2-3 ലക്ഷം രൂപ എങ്കിലും പിള്ളേരു പൊടിച്ചു…. ഇലക്ട്രോണിക്സ്‌ ലാബ്‌ അടിച്ച്‌ നിരത്തി കളഞ്ഞു… ലാബ്‌ പിന്നെ കുറെ കാലം അവര്‍ക്ക്‌ ഒരു സ്വപ്നം ആയി മാറി !

അപ്പൊ അവിടെ ഒരു യുവജനോത്സവം നടക്കുമ്പൊ പിള്ളേര്‌ ചുമ്മാ ഇരിക്കുമോ !?

ആടി നടക്കും അതൊറപ്പാ !

ആര്‍ക്കും ഇതുവരെ പൊട്ടിച്ചിട്ടില്ലെങ്കിലും എല്ലാ മലയാളി ആണ്‍പിള്ളേര്‍ക്കും അടി കാണാനും രോമാഞ്ചകഞ്ചുകരാവാനും പെരുത്തിഷ്ടമാ… അതിപ്പൊ സിനിമായില്‍ ആണെങ്കിലും നാലുപേര്‍ കൂടുന്ന കവലയില്‍ അടി നടന്നാലും ! എന്താ സത്യമല്ലേ പുരുഷ കേസരികളേ !!? 😛

കാണാന്‍ പോയി…

ആസ്‌ യൂഷ്വല്‍ അടി നടന്നു…

പക്ഷെ കാണാന്‍ പറ്റിയില്ല !

ഒന്നും മനസ്സിലാവുന്നില്ല അല്ലേ….!?

അന്നവിടെ ഒരു സംഭവം ആയിരുന്നു…കുറച്ചു നേരം ആര്‍ക്കും ഒന്നും മനസ്സിലായില്ല…

ഒരു ചാള പ്രോഗ്രാം നടക്കുന്ന നേരം നോക്കി പോലീസ്‌ കേസ്‌ കൊടുത്ത ചേട്ടന്‍മാരേ ഒരോരുത്തരായി മാര്‍ക്ക്‌ ചെയ്ത്‌ വെച്ചു… എന്നിട്ട്‌ ഒരു വിരുതന്‍ ഫ്യൂസ്‌ ഊരി… ഇരുട്ടില്‍ ഒപ്പറേഷന്‍ സക്സസ്‌…. ഡി.ടി. എസ്‌ ഡോള്‍ബി എഫെക്ട്സില്‍ സൌണ്ട്‌ എഫെക്ട്സ്‌ കേട്ട്‌ തൃപ്തിപ്പെടേണ്ടി വന്നു !

ആടിയുണ്ടാക്കുന്നവരേ ഓണ്‍ ദി സ്പോട്‌ അറസ്റ്റ്‌ ചെയ്യാന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മഫ്തി പോലീസുകാര്‍ ഊളയായ ശശിമാര്‍ !!

കിടന്നോണ്ടുള്ള ആലോചനകള്‍ കാട്‌ കയറി തുടങ്ങി…

അവസാനം കണ്‍ഫ്യൂഷന്‍സ്‌ എല്ലം കൂടെ ചില കണ്‍ക്ളൂഷനില്‍ എന്നെ എത്തിച്ചു !!

രാവിലേ തന്നെ രൂപപ്പെടുത്തിയ സ്റ്റ്രാറ്റെജി ഞാന്‍ താജ്‌ ബോയ്സിനോട്‌ ഡിസ്കസ്സ്‌ ചെയ്തു… അവര്‍ക്കിഷ്ടായി !

ആദ്യം ആ തമിഴന്‍മാരിലേ നേതാവിനിട്ട്‌ പണിയണം എന്നാഗ്രഹിച്ചു…. അതിനായി അവന്‍ കറങ്ങി നടക്കുന്ന ആ പാട്ട കാര്‍ അള്ളു വെച്ച്‌ കട്ടപ്പുറത്താക്കാന്‍ ഞങ്ങള്‍ അങ്ങോട്ട്‌ തീരുമാനിച്ചു… കോമ്പ്ളാന്‍ മേടിക്കുമ്പൊ കിട്ടുന്ന കവറില്‍ ആണിയും കമ്പിയും കൂട്ടിയിട്ട്‌ ഒരു പരിപാടി…

ഏയ്‌ ഇതൊന്നും ഞാന്‍ ചെയ്തില്ല… ഞാന്‍ തിരകഥ-സംവിധാനം… ഈ പ്രോപ്പര്‍ട്ടീസ്‌ ഒക്കെ ആര്‍ട്ട്‌ ഡിപ്പാര്‍ട്ട്മണ്റ്റ്‌ ചെയ്തു !

അവനും ടീംസും വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പൊ പുറത്ത്‌ അയാം എ കോമ്പ്ളാന്‍ ബോയ്‌ അള്ള്‌ വെച്ചു… കാര്‍ പോയി വെട്ടി തിരിഞ്ഞ്‌ ഒരു ഓടയില്‍ പോയി കേറ്റി പാര്‍ക്ക്‌ ചെയ്തു !

അതില്‍ വിഷമിച്ച്‌ തിരിച്ച്‌ വീട്ടില്‍ കേറിയ അവന്‍മാരേ ഫ്യൂസ്‌ ഊരി ആ വീട്ടില്‍ കേറി എടുത്ത്‌ പഞ്ഞിക്കിട്ടു…

അമ്പട പുളുസൂ…. സംഗതി സിമ്പിള്‍ ആയിരുന്നില്ല…

ഡീറ്റയില്‍ ആയിട്ട്‌ പറയാന്‍ എനിക്കൊരു പേടി…

വല്ലവന്‍മാരും ഇതൊക്കെ ഗൂഗ്ളില്‍ റ്റ്രാന്‍സ്ളേറ്റ്‌ ചെയ്ത്‌ കേസ്‌ കുത്തിപ്പൊക്കിയാലോ ??

ങാ… എങ്ങനെ കേസ്‌ ആയെന്ന്‌ അല്ലേ…

ആ വീടിനു മുമ്പില്‍ ഗേറ്റിനോട്‌ ചേര്‍ന്ന്‌ ആ വീട്ടിലേ ഗൃഹനാഥണ്റ്റെ പേരും തൊഴിലും രേഖപ്പെടുത്തിയിരുന്നു…

ഈ തമിഴന്‍മാര്‍ക്ക്‌ ഒരു പ്രശനം ഉണ്ട്‌… അല്ല ഒരു തരത്തില്‍ അതാ ശരി...

എവിടെയൊക്കെ മാതൃഭാഷ ഉപയോഗിക്കാമോ അവിടെ ഒക്കെ അവര്‍ അത്‌ ഉപയോഗിച്ചിരിക്കും…

ആ ഭാഷ അറിയാത്തവരെ വട്ടം ചുറ്റിക്കാന്‍… !

ഇവിടെയും സംഭവിച്ചത്‌ അത്‌ തന്നെ…

ആ നാട്ടിലേ സര്‍ക്കിള്‍ ഏമാനാണ്‌ ഈ വീട്ടില്‍ താമസിക്കുന്നത്‌ എന്നായിരുന്നു ആ ബോര്‍ഡില്‍ !

ക്രൈം നടന്ന്‌ നിമിഷങ്ങള്‍ക്ക്‌ അകം കാക്കി പട വീട്ടിലേക്ക്‌ ഇടിച്ച്‌ കേറി….

ഞങ്ങ മുങ്ങി !

എങ്ങനൊക്കെയോ !!

താജ്‌ ലോഡ്ജില്‍ മടങ്ങിയെത്തിയ ഞങ്ങളോട്‌ സംഗതീടെ കിടപ്പുവശം കാളിയപ്പന്‍ വിശദീകരിച്ചപ്പോഴാ ക്ളിക്കായെ…

സി.ഐ. ടെ കൊട്ടാരത്തിലേക്ക്‌ പട നയിച്ച ചിന്ന ഗുണ്ടാ സംഘം !!

കര്‍ത്താവേ അണലിയെ ആണല്ലൊ ചവിട്ടിയേ… പോലീസ്‌ നാട്‌ മുഴുവന്‍ വല വീശിയിരിക്കുവാ എന്ന്‌ കൂടെ അറിഞ്ഞതോടെ പലര്‍ക്കും തലകറക്കം അനുഭവപ്പെട്ടു !

സര്‍ക്കിള്‍ ഏമാനും യുവാവ്‌ ആയിരുന്നപ്പൊ നല്ല ഒരു താന്തോന്നി ചട്ടമ്പി ആയിരുന്നത്രെ… അതുകൊണ്ട്‌ തന്നെ പോലീസ്‌ സേനയിലുള്ളവര്‍ക്ക്‌ വരെ അങ്ങേരേ പേടിയാണത്രെ… ഗുണ്ട ഇവോള്‍വ്‌ ചെയ്ത്‌ പോലീസ്‌ ആയപോലെ…

ഇതില്‍ നിന്ന്‌ ഉള്‍ക്കൊണ്ടാണോ സാമി, അഞ്ചാതെ മുതലായ തമിഴ്‌ സിനിമകള്‍ ജന്‍മമെടുത്തതെന്ന്‌ ചോദിക്കണം എന്നുണ്ടായിരുന്നു… ഈ അവസരത്തില്‍ അത്‌ ആരോഗ്യത്തിന്‌ ഹാനികരം ആയേക്കും എന്ന്‌ മനസ്സിലാക്കി ഞാന്‍ ഒന്നും മിണ്ടിയില്ല !

എല്ലാര്‍ക്കും മുന്നില്‍ ഞാന്‍ തലകുനിച്ചു !ഒരു കണക്കിന്‌ ഞാന്‍ ആണല്ലൊ ഇവരെ കുഴിയില്‍ തള്ളിയിട്ടത്‌…, കൂടെ ഞാനും കുഴിയില്‍ ഉണ്ടെന്നുള്ള ആശ്വാസം ആണോ എന്തൊ ആരും ഒന്നും പറഞ്ഞില്ല…

തെളിവ്‌ നശിപ്പിക്കല്‍ ആണ്‌ തലയില്‍ കത്തിയ ഏക പോംവഴി… ഞാന്‍ ചെന്ന്‌ ഗ്ളാസ്‌ കട നടത്തുന്ന താജ്‌ ലോഡ്ജ്‌ മൊതലാളി ഗൌരിജിയെ പോയി കണ്ട്‌ കാല്‍ക്കല്‍ വീണ്‌ ചെറുപ്പത്തിണ്റ്റെ ചോരത്തിളപ്പില്‍ സംഭവിച്ചു പോയതാണെന്ന്‌ പറഞ്ഞപ്പോഴാണ്‌ കോമഡി !

അങ്ങേരെന്നെ വാരി പുണര്‍ന്നു…

ട്വിസ്റ്റ്‌ !

ഇങ്ങേരോട്‌ ഈ സി. ഐ ഏമാന്‍ പല ചെറ്റത്തരങ്ങളും പല ആവര്‍ത്തി ജീവിതത്തില്‍ ചെയ്തിട്ടുണ്ടെന്ന്‌ !

ഏയ്‌ അതിവിടെ വിവരിച്ചാല്‍ ശരിയാവില്ല…സീരിയല്‍ പോലെ വലുതാ…

ങാ അപ്പൊ സം ഹൌ ഈ മനുഷ്യന്‍ അവിടെ താമസിക്കുന്നവരുടെ ലിസ്റ്റില്‍ നിന്ന്‌ ഞങ്ങളുടെ പേരും ഡീറ്റേയില്‍സും അങ്ങ്‌ മുക്കി !

ഇനി മലയാളികള്‍ താമിക്കാന്‍ സാധ്യതയുള്ളിടം നോക്കി പോല്‍…ഐ മീന്‍… പൌലോസ്‌ വന്നാലോ എന്ന്‌ മുന്നില്‍ കണ്ടാണ്‌ അദ്ദേഹം ഈ ചിമിട്ടന്‍ ഐഡിയ പ്രാവര്‍ത്തികം ആക്കിയത്‌… അങ്ങനെ പലതും അയാള്‍ ഒപ്പിച്ചു…

എന്നിട്ട്‌ അവിടുന്ന്‌ കൊയമ്പത്തൂരിലേക്ക്‌ ബസ്‌ കയറാനുള്ള സൌകര്യവും ഏര്‍പ്പാടാക്കി…

ഏത്‌……അന്ന്‌ രാത്രി തന്നെ…

വലിച്ചു വാരി ബാഗ്‌ ഒക്കെ പാക്ക്‌ ചെയ്യുമ്പോഴാ ശ്രദ്ധിച്ചത്‌… കൂട്ടത്തില്‍ 4 പേരേ കാണാനില്ലാ !

ഈശോ… പൌലോസ്‌ പൊക്കിയോ അതോ അവന്‍മാര്‌ കൊണ്ടുപോയോ…

ടെന്‍ഷന്‍ ഇരട്ടിച്ചു….

പിന്നാ മനസ്സിലായെ…

ക്ളീഷേ സ്റ്റൈലില്‍ ഒരു കുറിപ്പെഴുതി വെച്ചിട്ട്‌ മുങ്ങിക്കളഞ്ഞതാ… ഞങ്ങള്‍ടെ കൂടെ നിന്ന്‌ അടി വാങ്ങേണ്ടെന്ന്‌ തോന്നി പോയതാണത്രെ !!

കുലദ്രോഹികള്‍…അല്ലേല്‍ വേണ്ട…കുലംകുത്തികള്‍… ആ വാക്കല്ലേ ഇപ്പോഴത്തെ ട്രെന്‍ഡ്‌… !!

അപ്പൊ നമ്മടെ തല പറഞ്ഞു,”ഇതിലും ഭേദം ആ ക്ണാപ്പന്‍മാരേ പോലീസ്‌ പിടിക്കുന്നതായിരുന്നു…ഇവനൊക്കെ പുട്ടടിക്കാന്‍ ഞാന്‍ മുടക്കിയ പൈസയ്ക്ക്‌ ഒരു പുതിയ കമ്പനി തുടങ്ങാര്‍ന്നു…. ”

ഞങ്ങള്‍ ചെന്നൈ വിട്ടു… ഒരു പ്രൈവറ്റ്‌ ബസില്‍… ടു കോയമ്പത്തൂറ്‍… അവിടുന്ന് പാലക്കാട്ടേക്കും…

അവസാനം അവരവരുടെ വീട്ടിലേക്കും…

എന്തൊക്കെ ബഹളം ആയിരുന്നു… അമേരിക്കാ അമേരിക്കാ…. അവര്‍ടെ ചെന്നൈ കോണ്‍സുലേറ്റില്‍ പോണം… അമേരിക്കയില്‍ എം.ബി.എ ചെയ്യണം… അവസാനം പവനായി ശവമായി… ആ ശവത്തില്‍ കുത്തുകയും ചെയ്തു !

വീട്ടില്‍ ഇതു വല്ലതും പറയാന്‍ ഒക്കുമോ…

വെച്ച്‌ കാച്ചി കോണ്‍സുലേറ്റില്‍ നീഗ്റോ മദാമ്മ ആനയിച്ച്‌ അകത്ത്‌ കേറ്റി ഇരുത്തിയതും കാപ്പിയും പലഹാരവും തന്നതും…എന്തിന്‌ വീട്ടിലേക്ക്‌ ഊണ്‌ കഴിക്കാന്‍ ക്ഷണിച്ചെന്ന് വരെ പറഞ്ഞു ഞാന്‍ !

… എന്തിനാ വീട്ടുകാരേ വിഷമിപ്പിക്കുന്നെ… സത്യം പറഞ്ഞാ ആകെ കോണ്‍സുലേറ്റ്‌ നോക്കി നടത്തുന്ന ഫേസ്ബുക്ക്‌ ഫാന്‍ പേജ്‌ ലൈക്ക്‌ ചെയ്തു എന്നല്ലാതെ ഞങ്ങള്‍ അതിണ്റ്റെ ഏഴയലത്ത്‌ ചെന്നിട്ടില്ല !!

എണ്റ്റെ വിഷമം അത്‌ മാത്രം ഒന്നും അല്ല…

ടൂ സ്റ്റേറ്റ്സ്‌ നോവല്‍ ആ കൊച്ചിന്‌ കൊടുത്ത്‌ വിട്ടത്‌ വെറുതെ ആയി…

അതിനെ പിന്നെ കാണാനേ പറ്റിയില്ല…

ലാസ്റ്റ്‌ പേജില്‍ എഴുതിയ മെയില്‍ ഐ.ഡി. വായിച്ച്‌ ഉടനെ എനിക്ക്‌ മെയില്‍ ഇടും എന്നും വെച്ച്‌ പേജ്‌ റിഫ്രെഷ്‌ ചെയ്തോണ്ടേ ഇരുന്നു…

എവടെ…

ഇന്‍ബോക്സിലേക്ക്‌ വരുന്നതിലും അധികം സ്പാം ബോക്സിലേക്കാണ്‌ !

ശോകം…

ഈ ബ്ളോഗ്‌ എങ്കിലും വായിച്ച്‌ മെയില്‍ അയക്കും എന്ന് പ്രതീക്ഷിക്കുന്നു…

സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സിനിമയുടെ ലാസ്റ്റ്‌ പേജ്‌ റിഫ്രെഷ്‌ ചെയ്ത്‌ ഇരിക്കുന്ന മാര്‍ക്ക്‌ സക്കര്‍ബര്‍ഗിനേ പോലെ ഞാന്‍ താടിക്ക്‌ കയ്യും വെച്ച്‌ മെയിലും നോക്കി ഇരിക്കുന്നു…

( ദൈവം അനുവദിച്ച്‌ തുടരും…. പക്ഷെ ഇനി വേറേ അനുഭവം )

Advertisements

സംഭവം ഈ അപ്പാവി പിള്ളേരേ പോലെ നടക്കുന്ന ഗ്യാങ്ങിലേ ബാക്കി പിള്ളേര്‍ സമരത്തില്‍ ഒക്കെ പങ്കെടുത്ത്‌ അടി ഇടിയൊക്കെ കൊണ്ട്‌ നല്ല എക്സ്പീരിയന്‍സാ…

ഞാന്‍ ഈ കാര്യത്തില്‍ ശിശുവാ…

അവന്‍മാരുടെ സര്‍ക്കാര്‍ കോളേജ്‌ ആയതുകൊണ്ട്‌ എല്ലാരും മെറിറ്റ്‌ ബുദ്ധിജീവികള്‍ ആയതുകൊണ്ടും ശാരീരിക ക്ഷമത നോക്കാതെ സമരത്തിനിറങ്ങും , അല്ലാതെ ഞങ്ങള്‍ടെ കൂതറ പ്രൈവറ്റ്‌ കോളേജിലേ പോലെ സമരം നടത്തുന്ന മസില്‍മാന്‍മാര്‍ മാത്രമല്ല മുന്നില്‍ നിന്ന് സമരം വിജയിപ്പിക്കുന്നത്‌….. .

ഞാനൊക്കെ ഒരു നല്ല അടി ബാല്‍ക്കണിയില്‍ നിന്നേ കണ്ടിട്ടൊള്ളൂ !!

പക്ഷെ ഇതൊക്കെ ഈ മാക്കാന്‍മാരോട്‌ പറഞ്ഞാല്‍ ഞാന്‍ ചമ്മും…

അപ്പൊഴാ എണ്റ്റെ ജീവിതത്തില്‍ ഞാന്‍ പങ്കെടുത്ത ഒരേയൊരു അടി ഞാന്‍ ഓര്‍ത്തെടുത്തത്‌…

അമ്പൊ…അതൊരു കൂട്ട അടിയാര്‍ന്നു…

എ വെല്‍ പ്ളാന്‍ഡ്‌ ഓപ്പറേഷന്‍…

ഞാന്‍ ആ കഥ ആദ്യം അവന്‍മാരോട്‌ പറയാംന്ന് വെച്ചു !

ചുമ്മാ ഒരു വെയിറ്റിന്‌ !!

“സംഭവം നടന്നത്‌ ഞാന്‍ പ്ളസ്‌ റ്റു കഴിഞ്ഞ സമയം… അപ്പുറത്തേ വീട്ടിലെ രാമേട്ടന്‍ പച്ച വെള്ളം കൊടുത്താലും ചവച്ച്‌ കുടിക്കുന്ന ടൈപ്പ്‌ പാവമാ… സുന്ദരിയായ ഭാര്യയും മൂന്ന് പെണ്‍മക്കളും… ”

ഉടനെ പാട്ടെത്തി…പൈസാക്കാരന്‍, “തൈപ്പൂയ കാവടിയാട്ടം…… ”

ഞാന്‍ ചൂടായി…,”ഭാ…സ്റ്റോറി നീയൊന്നും വിചാരിക്കുന്ന ഡയറക്ക്ഷനില്‍ അല്ലെടാ പുല്ലന്‍മാരെ… അതുങ്ങളെനിക്ക്‌ പെങ്ങമ്മാരാ… പാവങ്ങള്‍… ങാ…ഈ രാമേട്ടന്‍ കുറി നടത്തിയാ ആ മിഡില്‍ ക്ളാസ്‌ ഫാമിലി പോറ്റിയിരുന്നെ…. ഇവര്‍ക്കൊരു പഴയ ചേതക്‌ സ്കൂട്ടര്‍ ഉണ്ടായിരുന്നു… ”

അപ്പൊ പിന്നേം അവന്‍മാര്‍ ഇടയില്‍ കേറി…,”എന്നതാടാ ഇത്‌…ഒരുമാതിരി അവാര്‍ഡ്‌ അയിറ്റം…. ആക്ഷന്‍ ഫിലിം ആണെന്ന് വെച്ചാ ഞാന്‍ കഥ കേള്‍ക്കാന്‍ ഇരുന്നുതന്നത്‌… ഞാന്‍ പോവാ.. ”

ഞാന്‍, “ഹാ… നില്‍ക്ക്‌ മച്ചാ… സത്യായിട്ടും സ്റ്റോറി ഇണ്റ്റ്രെസ്റ്റിംഗാ… പണ്ട്‌ ഞാന്‍ കൊച്ച്‌ കുഞ്ഞായിരുന്നപ്പോഴൊക്കെ എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ഇങ്ങേരും കുടുംബവും ആ ചേതക്‌ സ്കൂട്ടറില്‍ സിനിമയ്ക്ക്‌ പോവും സെക്കന്‍ഡ്‌ ഷോയ്ക്ക്‌, സീതിക്കേടെ ഇരട്ട തിയേറ്ററുകളില്‍ ഏതെങ്കിലും ഒന്നില്‍… അവിടുത്തെ ബെസ്റ്റ്‌ തിയേറ്റര്‍സ്‌ !കാലം മാറി… ഈ തിയേറ്റര്‍ പോക്ക്‌ ഇവരങ്ങ്‌ നിര്‍ത്തി ഞാന്‍ പ്ളസ്‌ റ്റൂ ആയപ്പോഴേക്ക്‌… നാട്ടില്‍ പറഞ്ഞു കേട്ട ശ്രുതിയില്‍ ഞാന്‍ വിശ്വസിച്ചു പെണ്‍കുട്ടികള്‍ വലുതായതോടെ 5 പേര്‍ക്ക്‌ ഒന്നിച്ച്‌ ആ സ്കൂട്ടറില്‍ പോവാന്‍ പറ്റില്ലാന്ന് തീരുമാനിച്ച്‌ കാണും… ”

പൈസക്കാരന്‍, “വാവു ഇണ്റ്റ്രെസ്റ്റിംഗ്‌…ഇവളുമാരെ എനിക്കൊന്ന് കാണിച്ചുതാടാ…ഞാന്‍ ഒന്നിച്ച്‌ സിനിമയ്ക്ക്‌ കൊണ്ടുപോയിക്കോളാം… ”

എണ്റ്റെ ടെമ്പര്‍ തെറ്റി…ഞാന്‍ ചെന്ന് അവനെ ഒന്ന് പൊട്ടിക്കാന്‍ ചെന്നു…

ഏറ്റില്ല !

അടി നമ്മുടെ ‘തല’യും ‘വാല്‍’ഉം ചേര്‍ന്ന് തടഞ്ഞു….

ഞാന്‍ എണ്റ്റെ സ്റ്റാന്‍ഡ്‌ വെളിപ്പെടുത്തി…,”ഡാ പുല്ലേ… ഇനി നീ ഇങ്ങനത്തെ കോപ്പിലേ ഡയലോഗ്‌ അസ്ഥാനത്ത്‌ കേറി അടിച്ചാ നിണ്റ്റെ വായില്‍ പിന്നെ വെപ്പ്‌ പല്ല് വെക്കേണ്ടി വരും… ”

തല, “ഹാ ഡാ നീ ക്ഷമി… ഇവന്‍ ഇങ്ങനെയാ… ആകെ ഈ സംസാരം മാത്രെ ഒള്ളു… പട്ടി കുരയ്ക്കുന്ന പോലെയേ ഞങ്ങളും എടുക്കാറൊള്ളു, ഈ പട്ടിയും കടിക്കാറില്ല ! ”

ഞാന്‍ ഒന്ന് തണുത്തപ്പൊ കഥ തുടര്‍ന്നു…

“ഒരിക്കല്‍ അങ്ങേരുടെ കൂടെ സ്കൂട്ടറില്‍ വരുന്ന വഴി ഞാന്‍ ചോദിച്ചു എന്താ ഇപ്പൊ പടത്തിനൊന്നും പഴയ പോലെ പോവാത്തേന്ന്… നാട്ടില്‍ പറയുന്ന കാരണം നീയും കേട്ടിട്ടില്ലേ… ങാ അത്‌ തന്നെ എന്ന് പറഞ്ഞു…. പിന്നെയുള്ള ആ സൈലന്‍സ്‌ കണ്ടപ്പൊ ഞാന്‍ ചോദിച്ചു എന്തോ ഞങ്ങളോടെല്ലാം ഒളിച്ച്‌ വെക്കുന്നുണ്ടല്ലൊയെന്ന്… അയാള്‌ വണ്ടി ഒതുക്കി നിര്‍ത്തിയിട്ട്‌ ഒടുക്കത്തെ കരച്ചില്‍ !മെല്ലെ പറഞ്ഞു… എന്നെ പോലെ ഒരു മോന്‍ ഉണ്ടായിരുന്നെങ്കില്‍ അവരെയും കൊണ്ട്‌ തിയേറ്ററില്‍ പോവാര്‍ന്നു എന്ന്… സംഭവം എന്താന്ന് വെച്ചാ… കുറേ കാലം മുമ്പ്‌ ഒരു സെക്കന്‍ഡ്‌ ഷോയ്ക്ക്‌ കേറിയ ഇവരെ കണ്ട്‌ മുന്നില്‍ കപ്പ ചിപ്സ്‌ വില്‍ക്കുന്ന ബിസിനസ്സ്‌ തുടങ്ങിയ അണ്ണനും ടീംസും കട അടച്ച്‌ ഇവര്‍ടെ പുറകെ കൂടി എന്നും പോലീസിനെ വിളിക്കും എന്നു പറഞ്ഞപ്പൊ രാമേട്ടനെ ഒന്ന് പൊട്ടിച്ചിട്ട്‌ മൂത്ത മോള്‍ടെ കൈക്ക്‌ കേറി പിടിച്ചെന്ന്… പെണ്ണുങ്ങളേയും കൊണ്ട്‌ തിയേറ്ററില്‍ വരുമ്പൊ ഇതൊക്കെ സഹിക്കണം അല്ലെങ്കില്‍ പ്രതികരിക്കാന്‍ ശേഷിയുള്ള ആണാവണം എന്ന് മറുപടി കൊടുത്തെന്ന്… പിന്നെ ആ വഴി പോയിട്ടില്ലാന്ന്…

ദേഷ്യം സഹിക്കാവുന്നതിലും അധികം ആയിരുന്നു…

ഞാന്‍ ഉടനെ തന്നെ അവിടുത്തെ പൌര സമിതി ചമഞ്ഞ്‌ കലുങ്കില്‍ ഇരുന്ന് സംസാരിക്കുന്ന യുവ രക്‌തങ്ങളെ മുഴുവന്‍ വിളിച്ചു വരുത്തി…

സീത്തീക്കേടെ മോന്‍ തൌഫിക്കിനേയും…

അടിക്കാന്‍ ഞങ്ങളും റെഡി…

ഒഫിഷ്യല്‍ സപ്പോര്‍ട്ടിന്‌ തിയേറ്റര്‍ ഉടമയും റെഡി…

ഞങ്ങള്‍ ധൈര്യം കൊടുത്ത്‌ രാമേട്ടനേയും കുടുംബത്തേയും സെക്കന്‍ഡ്‌ ഷോയ്ക്ക്‌ കേറ്റി…

കൊളുത്തില്‍ മീന്‍ കുരുങ്ങി. യാതൊരു സംശയവും തോന്നിക്കാത്തവണ്ണം ചെറിയ മോളെ വിട്ട്‌ അതേ പെട്ടികടയില്‍ നിന്ന് കപ്പ ചിപ്സ്‌ വാങ്ങി.

5-10 മിനിറ്റില്‍ അവന്‍ കട അടച്ചു…

ഇടെയ്ക്ക്‌ ചെയ്ത ഒന്ന് രണ്ട്‌ ഫോണ്‍ കോള്‍സ്‌ അവണ്റ്റെ 5-6 തൊട്ടി കൂട്ടുകാരേയും അവിടെ എത്തിച്ചു… ലോറി തൊഴിലാളി ടീംസാ… ജിമ്മില്‍ പോവാതെ തന്നെ ജിമ്മന്‍മാരായ കട്ട ടീംസ്‌…

എന്നിട്ട്‌ ഇവന്‍മാരൊക്കെ ഒന്നിച്ച്‌ തിയേറ്ററിലേക്ക്‌…

എല്ലാം കണ്ട്‌ നിന്ന ഞങ്ങള്‍ എല്ലാരും പല വഴിക്ക്‌ വന്ന് തിയേറ്ററില്‍ കേറി..

മൂത്ത മോളെ തന്നെ ലക്ഷ്യമിട്ട്‌ നടന്ന് ആ അണ്ണനെ ആദ്യം ഞങ്ങള്‍ ഒഴിച്ച്‌ കൊണ്ടുപോയി..

ശ്രീനിവാസന്‍ ചെയ്ത പോലെ മഞ്ഞ തുണി ഇടാനൊന്നും നിന്നില്ല…

ആള്‍ക്കാരെ മാര്‍ക്ക്‌ ചെയ്ത്‌ വെച്ചിരുന്നു…

ഓരോ വില്ലനും ഞങ്ങള്‍ 3-4 നായകന്‍മാര്‍…എങ്ങനെ ഓരോന്നിനെയും നേരിടണം എന്ന് വരെ തിരകഥ രചിച്ചിരുന്നു…

ഞാന്‍ ഉറക്കെ പറഞ്ഞു, രാമേേട്ടാ 5 മിനിറ്റ്‌ ഒന്ന് കവര്‍ ചെയ്ത്‌ ഇരുന്നോ…തൌഫീ ലൈറ്റ്സ്‌ ഓഫ്‌…എന്ന് പറഞ്ഞു…

തൌഫി ലൈറ്റും ഓഫ്‌ ചെയ്തു ബോക്സിലേ 2 ഡോറും അടച്ചിട്ടു…

പിന്നെ അവിടെ നടന്നത്‌ അടിയുടെ പൂരം ആയിരുന്നു….

അതില്‍ ഒരുത്തനെ സഹിക്കാന്‍ പറ്റാതെ ആയപ്പൊ ഞാനും ആഖിലും കേറി പൊക്കി എടുത്ത്‌ ബോക്സില്‍ നിന്ന് വലിച്ച്‌ താഴോട്ട്‌ ഇട്ടു…

നേതാവിനെ എല്ലാരും കൂടെ തൂക്കി എടുത്ത്‌ രാമേട്ടണ്റ്റെ കാലില്‍ ഇട്ടു കൊടുത്തു…

സത്യത്തില്‍ അങ്ങേര്‍ ഇടപെട്ടില്ലാര്‍ന്നേല്‍ അന്ന് ബോക്സില്‍ ബാക്കി ഉണ്ടായിരുന്നവന്‍മാരുടെ മയ്യത്ത്‌ ഞങ്ങള്‍ എടുത്തേനേ… ”

ഞാന്‍ ഒരു ദീര്‍ഘനിശ്വാസം വിട്ട്‌ തിരിച്ച്‌ ചെന്നൈയിലേക്ക്‌ മനസ്സിനേ കൊണ്ടു വന്നപ്പോള്‍ കണ്ട കാഴ്ച എല്ലാരും രോമാഞ്ചം കൊണ്ട്‌ കണ്ണും തള്ളി ഇരിക്കുന്നതാ…

അല്ല ഞാന്‍ നുണയൊന്നും പറഞ്ഞിട്ടില്ല…സംഗതി നടന്നത്‌ തന്നെയാ…

പക്ഷെ അന്ന് അവിടെ നടന്ന്തിണ്റ്റെ ഡയറക്ടര്‍ ഞാന്‍ അല്ലയിരുന്നു….

ത്രെഡ്‌ പറഞ്ഞു കൊടുത്തു…

ചേട്ടന്‍മാര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചു…

ഞാന്‍ നല്ല ഒന്നാന്തരം സാമുഹിക്‌ ബോധം ഉള്ള ഒരു തണ്റ്റേടി ആയിട്ട്‌ അഭിനയിച്ചു..

പക്ഷെ ഇവന്‍മാരിപ്പൊ എന്നെ കുറിച്ച്‌ എന്തൊക്കെയോ കൂടുതല്‍ മനസ്സില്‍ കണ്ടുവെച്ചാല്‍ പണി ആവുമോ എന്ന് ആലോചിച്ചതേയുള്ളു… അത്‌ സംഭവിച്ചു !

തമിഴന്‍മാരെ തല്ലി പതം വരുത്താനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാന്‍ എന്നെക്കാള്‍ യോഗ്യന്‍ വേറേ ആളില്ലാ എന്ന് അടുത്ത യോഗത്തില്‍ തന്നെ തീരുമാനം ആയി !

ഞാന്‍ ഷോക്കടിച്ച പോലെ അങ്ങനെയങ്ങ്‌ നിന്നു !

ഇന്നിപ്പൊ അതിന്‌ അനുയോജ്യമായ ഒരു പാട്ട്‌ മലയാള സിനിമയിലുണ്ട്‌….

ഓ അത്‌ തന്നെ…

“അ ആ…കിളി പോയി… ” !!!!

( ദൈവം അനുവദിച്ച്‌ തുടരും…. )

ഇന്‍ഫ്ളേഷന്‍ ഞങ്ങളേ അഫക്ട്‌ ചെയ്ത്‌ തുടങ്ങിയ കാലം…

പോക്കറ്റ്‌ മണി ഒക്കെ ഫുഡിനു പോലും തികയാതെ വന്നു തുടങ്ങി…

സോ ഷോപ്പിംഗ്‌ സെന്‍ററുകളില്‍  മുഴുവന്‍ വെറുതെ മോര്‍ണിംഗ്‌ വാക്ക്‌, ഈവനിംഗ്‌ വാക്ക്‌ എന്തിന്‌ ചുമ്മാ ബോറടി മാറ്റാന്‍ ആഫ്റ്റര്‍ നൂണ്‍ വാക്ക്‌ വരെ നടത്തിയിരുന്ന കാലം…

നമ്മള്‍ വെറുതെ തലങ്ങും വിലങ്ങും നടക്കുന്നതുകൊണ്ട്‌ അവര്‍ക്ക്‌ അഞ്ചു പൈസേടെ കച്ചവടം പോലും കിട്ടില്ലാ എന്നുള്ള പരമാര്‍ഥം മനസ്സിലാക്കാന്‍ ഞങ്ങള്‍ ഇടവരുത്താറില്ല… ഒരിക്കല്‍ കേറിയ ഷോപ്പിംഗ്‌ മാളില്‍ പിന്നെ ഉടനെ എങ്ങും കേറാറില്ല !

മുക്കിനു മുക്കിനു എന്തിന്‌ മുക്ക്‌ ഇല്ലാത്തിടത്ത്‌ പോലും ഷോപ്പിംഗ്‌ സെണ്റ്റര്‍ വെച്ചിട്ടും എല്ലാ കടയിലും പൂരത്തിനുള്ള ജനം…. അതും മേടിച്ചോണ്ട്‌ പോവുന്ന ബാഗിണ്റ്റെ വലുപ്പം കണ്ടാല്‍ ഇവനൊക്കെ സൂപ്പര്‍ ലോട്ടോ അടിച്ച്‌ ആയുഷ്ക്കാല പര്‍ച്ചേസ്‌ നടത്തി വീട്ടിലേക്ക്‌ കെട്ടിയെടുക്കുവാന്ന്‌ തോന്നും !

ഞങ്ങളും ഞങ്ങള്‍ടെ പോലെ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുന്ന അണ്ണാച്ചിമാരുടേയും കയ്യില്‍ മാത്രം ഒന്നും കാണില്ല…. ഫ്രീ ഹാന്‍ഡ്‌ ആയിട്ട്‌ അങ്ങനെ ഉലത്തും… ഐ മീന്‍ ഉലാത്തും….

അങ്ങനെ ഇരുന്നപ്പൊ ഒരു തീരുമാനത്തില്‍ എത്തി…. ഇങ്ങനെ വെറുതെ നടന്നിട്ട്‌ ആര്‍ക്ക്‌ എന്ത്‌ പ്രയോജനം…

ജീവിതം പഠിക്കാന്‍ ഇതൊരു ചാന്‍സ്‌ ആയിട്ട്‌ എടുത്തൂടെ എന്നായി അവസാനം ഞങ്ങള്‍ എത്തിച്ചേര്‍ന്ന കണ്‍ക്‌ളൂഷന്‍…. മനസ്സിലായില്ലാ !??

തമ്പിമാര്‍ടെ കൂടെ ഒരു പാര്‍ട്ട്‌ ടൈം ജോലി അന്വേഷിച്ച്‌ പോയെന്ന്‌… നമ്മള്‍ തെണ്ടി തിരിഞ്ഞ്‌ നടക്കുന്ന സ്ഥലങ്ങളില്‍ എല്ലാം ഡാറ്റാ എന്‍ട്രി  ഓപ്പറേറ്റേര്‍സിനേ ആവശ്യമുണ്ടെന്ന്‌ പോസ്റ്റര്‍ കുറേ എണ്ണം കണ്ടിട്ടുണ്ട്‌… പേരു കേട്ടാല്‍ ഡിസ്റ്റ്രിക്റ്റ്‌ കളക്ക്ടര്‍ എന്നൊക്കെ പറയുന്ന പോലെ വെയിറ്റ്‌ ഉണ്ടെങ്കിലും ഇത്‌ അവിടെ ഭിക്ഷ ചോദിച്ചു വരുന്നവര്‍ക്ക്‌ കിട്ടുന്നതിലും തറ ശമ്പളമാ…

അങ്ങനെ പല പാര്‍ട്ട്‌-ടൈം ജോലികളുടേയും പരസ്യങ്ങള്‍ അവിടുന്നും ഇവിടുന്നുമൊക്കെ ആയിട്ട്‌ ഞങ്ങള്‍ ഒപ്പിച്ചു… ആദ്യം ഞങ്ങളില്‍ ജോലിക്ക്‌ പോവാന്‍ താത്പര്യം ഉള്ളവരെ തിരഞ്ഞെടുത്തു… ഞാന്‍ ഇല്ലാതെ വരുമോ…. പിന്നല്ലാ…

അവസാനം അതിനൊക്കെ അവരു പറഞ്ഞിട്ടുള്ള നമ്പറില്‍ വിളിച്ച്‌ അന്വേഷിക്കാന്‍ തുടങ്ങി…. ഒരോരുത്തരും ഓരോ സ്ഥലത്തായി പോവാന്‍ പ്രത്യേകം ശ്രദ്ധിച്ചു… ചുമ്മാ അവിടെ വെച്ച്‌ ഒരു വര്‍ക്കഹോളിക്ക്‌ മത്സരം ഒഴിവാക്കാന്‍ !

ഞാന്‍ അവസാനം തിരഞ്ഞെടുത്തത്‌ ഒരു വല്യ ഇവന്‍റ് മാനേ ജ്മെന്റ്  കമ്പനി എന്ന്‌ അവരു തന്നെ അവകാശപ്പെടുന്ന ഒരു സ്ഥാപനത്തില്‍….പ്രസ്ഥാനത്തില്‍………..

അപ്പൊ ഞങ്ങള്‍ 4-5 മീശ മുളയ്ച്ചതും മുളയ്ക്കാത്തതുമായ പയ്യന്‍മാര്‍ പലരു പല വഴിക്കായി പിരിഞ്ഞു…. എന്‍റെ  മനസ്സിലേ വിഷമം പിരിഞ്ഞതൊന്നും അല്ല… മടിയും അല്ല….

അന്ന്‌ കാര്‍ത്തിയുടെ സ്റ്റാര്‍ വാല്യു ഉയര്‍ത്തിയ പയ്യ എന്ന ലിംഗു സ്വാമീടെ പടത്തിനു പോവാമെന്ന്‌ എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനം ഞങ്ങള്‍ പൈസ ഉണ്ടാക്കാന്‍ ജോലിക്ക്‌ വേണ്ടി ത്യജിച്ചതിലായിരുന്നു… എന്നും ഇങ്ങനാ…. ഒരു സിനിമ കാണാന്‍ മനസ്സില്‍ ഉറപ്പിച്ചിട്ട്‌ അത്‌ ഒരല്‍പ്പം വൈകി പോയാല്‍ ജീവിതം മടുത്ത അവസ്ഥ !

ആഹ്‌… എല്ലാം മറന്ന്‌ ജോലി തേടി പോയി… ജീവിതത്തിലേ ആദ്യത്തെ ഒഫിഷ്യല്‍ ഇന്റര്‍വ്യു …. അത്‌ ലക്ഷ്യമാക്കി മനസ്സില്‍ ഫിക്സ്‌ ചെയ്ത്‌ ഞാന്‍ നടന്നു… ഞാന്‍ ആദ്യം കോണ്ടാക്റ്റ്‌ ചെയ്ത ആ പുള്ളിക്കാരിയെ ഇടെയ്ക്കിടെക്ക്‌ വിളിച്ച്‌ നോക്കാറുണ്ടായിരുന്നു…. എന്‍റെ വഴി തെറ്റിയിട്ടില്ലാന്ന്‌ ഉറപ്പ്‌ വരുത്താന്‍… …..

ഒരു വിധത്തില്‍ എത്തപ്പെട്ടു… റിസെപ്ഷനില്‍ ഞാന്‍ ഇന്റര്‍വ്യുവിനാ വന്നെ എന്നു പറഞ്ഞപ്പൊ ഒടുക്കത്തെ ഒരു ചിരി ആ പെണ്ണിന്‌… എവളെയല്ല അപ്പൊ ഞാന്‍ വിളിച്ചോണ്ടിരുന്നെ എന്ന്‌ മനസ്സിലായി…

” ഈ ഭാരതി അക്കാ… ?? ”

” അക്കാവാ…. “, എന്നു മാത്രം മനസ്സിലായി… ബാക്കി നടന്നത്‌ ശകാര വര്‍ഷം ആണെന്നും മനസ്സിലായി…

ലാസ്റ്റ്‌ കാര്യം ക്ളിക്കായി… ആ കമ്പനീടെ സി.ഇ.ഓ. ആണ്‌ ഞമ്മളെ ഭാരതി !!

പറഞ്ഞു വന്നപ്പൊ ഇവര്‍ക്ക്‌ വേണ്ടത്‌ ഇവര്‍ക്ക്‌ വേണ്ടത്‌ ഒരു മാര്‍ക്കെറ്റിംഗ്‌ എക്സിക്ക്യൂട്ടീവൈനെ ആണെന്ന്‌ മനസ്സിലായി… ഏയ്‌ പ്രൊഡക്റ്റ്‌ ഒന്നും ഇല്ല… പരസ്യ പ്രചരണാര്‍ഥം ഒരോ തെണ്ടികളെ പോയി കണ്ട്‌ ഒരോ നുണയും പറഞ്ഞ്‌ പറ്റിക്കാന്‍ അവര്‍ക്ക്‌ ഒരു കൂട്ട്‌…………

മാഡം ഫയങ്കര തിരക്കിലാണെന്നും വെയിറ്റ്‌ ചെയ്യാനും….

ഞാന്‍ ഇരുന്നു…

ജീവിതത്തില്‍ ഏറ്റവും വെറുക്കുന്ന ഒന്നാണ്‌ കാത്തിരിപ്പ്‌… ഞാന്‍ മടുത്ത്‌ ഒരു പരുവമായി…

സമയം ഉച്ചയോട്‌ അടുക്കാറായി…

ആരും അറിയാതെ ആ കര്‍ട്ടണ്‍ മാറ്റി നോക്കിയപ്പൊ കണ്ടത്‌ കണ്ണാടിയില്‍ ഇവള്‍ അകത്ത്‌ അണ്ണാച്ചി ടി.വി. സീരിയല്‍ കണ്ടോണ്ട്‌ ഇരിക്കുവാ…

എനിക്ക്‌ നല്ല പുളിച്ച തെറി മനസ്സിലേക്ക്‌ വന്നു…

ലാസ്റ്റ്‌ ഞാന്‍ ഒരു പണി ചെയ്തു അറ്റന്‍ഡറോട്‌ എന്‍റെ കാര്യം പറയാന്‍ പറഞ്ഞിട്ട്‌ ഞാന്‍ ജനലിനടുത്ത്‌ കാതോര്‍ത്ത്‌ വെയിറ്റ്‌ ചെയ്തു….

തമിഴെനിക്ക്‌ കേട്ടാല്‍ ക്ളിക്കാവും… ഇത്‌ പണ്ട്‌ സുരേഷ്‌ ഗോപി സമ്മര്‍ ഇന്‍ ബേദ്‌ലഹേമില്‍ പറഞ്ഞ പോലെ അല്ല… ഹ ശരിക്കും മനസ്സിലാവുമെന്ന്‌ ഞാന്‍ അവിടെ കൂറച്ചായില്ലെ… പിന്നെ തമിഴ്‌ സിനിമ കാണുമ്പൊ സുഹൃത്തുക്കള്‍ക്ക്‌ ഞാനാ ട്രാന്‍സ്ളേറ്റര്‍…….

അകത്ത്‌ ഇരുന്ന്‌ ആ ചൊറി തവള പറയുവാ… അല്‍പം വെയിറ്റ്‌ ഇട്ടില്ലേല്‍ ചെറിയ കമ്പനി ആണെന്ന്‌ അവന്‌ തോന്നും എന്ന്‌… കുറെ അധികം കഷ്ടപ്പെടുത്താന്‍ പറ്റില്ലാന്ന്‌…….

അവള്‍ടമ്മൂമ്മെ കേട്ടിക്കാന്‍……..

ഞാന്‍ ഇറങ്ങി വന്ന അറ്റന്‍ഡറോട്‌ ഇംഗ്ളീഷ്‌ അറിയാമോന്ന്‌ ചോദിച്ചു…

ഇല്ല…

ഉടനെ തന്നെ കയ്യില്‍ കിട്ടിയ വെള്ള പേപ്പറില്‍ നീ നിന്‍റെ  അപ്പന്‌ കൊടുത്താ മതി ഈ അളിഞ്ഞ ജോലി എന്ന്‌ എഴുതി അയാളെ ഏല്‍പ്പിച്ചു…

അത്‌ അവള്‍ക്ക്‌ കൊടുക്കാന്‍ 10 രൂപാ ടിപ്പും കൊടുത്തേച്ച്‌ ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ മുങ്ങിക്കളഞ്ഞു….

പിന്നെ ഞാന്‍ ആലോചിച്ചു… ദൈവമേ ആ സാമദ്രോഹിക്ക്‌ ഇംഗ്ളീഷില്‍ എഴുതിയത്‌ മനസ്സിലായില്ലെങ്കില്‍ ആ കൊടുത്ത പൈസ വേസ്റ്റ്‌ ആവുമല്ലൊ എന്ന്‌……

കാര്യം അന്വേഷിക്കാന്‍ തിരിച്ച്‌ പോയൊന്നുമില്ല… നേരേ തിയേറ്റര്‍ കോമ്പ്ളെക്സിലേക്ക്‌ വെച്ച്‌ പിടിച്ചു…

അവിടെ കണ്ട കാഴ്ച പരിതാപകരം ആയിരുന്നു…

ബാക്കി ജോലി അന്വേഷികള്‍ എനിക്ക്‌ മുന്നെ തന്നെ തിയേറ്ററില്‍ എത്തിയിരിക്കുന്നു…

എല്ലാര്‍ക്കും പറയാന്‍ വത്യസ്ത കഥകള്‍… എല്ലാത്തിലും ക്ളൈമാക്സ്‌ ആ സീനില്‍ നിന്ന്‌ സ്കൂട്ട്‌ ചെയ്തത്‌ തന്നെ !!

സുഹൃത്തുക്കളെ തിരിച്ച്‌ കിട്ടിയ ചാരിതാര്‍ഥ്യത്തോടെ പടം കണ്ടു….

ഇറങ്ങുമ്പോഴേക്ക്‌ നാട്‌ മനസ്സിലേക്ക്‌ ഇരച്ച്‌ വന്നു…

അതില്‍ കാര്‍ത്തി അഫിനയിച്ച്‌ ഫലിപ്പിച്ച കഥാപാത്രം പോലെ ഒരാള്‍ നാട്ടില്‍ ഉണ്ടായിരുന്നു…

പണ്ട്‌ ബൈക്ക്‌ ഓടിക്കാന്‍ പഠിപ്പിച്ച ഡ്രൈവിംഗ്‌ സ്കൂള്‍ മാഷ്‌ സത്താര്‍ !

റോഡ്‌ ബ്ളോക്ക്‌ മാറ്റാന്‍ മുന്നിലെ ഓട്ടോക്കാരനെ ഓടിച്ചിട്ട്‌ തല്ലി വണ്ടി എടുപ്പിച്ച വീരന്‍……

ഒരിക്കല്‍ ഗ്രൌണ്ടിലേക്ക്‌ ഇങ്ങേരുടെ ഒരു ശിഷ്യന്‍ ആണ്‌ വണ്ടി എടുത്തത്‌…..,സൈഡില്‍ സത്താറിക്കയും ഉണ്ടായിരുന്നു…

ബാക്കില്‍ ഞാനും…

ഇടയ്ക്ക്‌ വെച്ച്‌ ഓവര്‍ ടേക്ക്‌ ചെയ്യാന്‍ നോക്കിയ ബൈക്കുകാരനോട്‌ സ്റ്റാന്‍ഡ്‌ തട്ടിയിട്ട്‌ പോടാ നാ**** മോനേ എന്നു വിളിക്കുന്നതിനിടയില്‍ ഈ പരട്ട ചെക്കന്‍ സ്റ്റിയറിംഗില്‍ നിന്ന്‌ കയ്യെടുത്തു….

വണ്ടി ഒന്നു പാളി…

നേരേ വരുന്ന പാണ്ടി ലോറിക്ക്‌ നേരേ…..

ഇവന്‍ കയ്യെടുത്ത്‌ കണ്ണടയ്ച്ച്‌ പപ്പു വിളിക്കണ പോലെ പടച്ചോനേ എന്നൊരു വിളി…

വേറൊന്നും ചെയ്യാനില്ല…

ഒരു നിമിഷം ഞാന്‍ കുഴിമാടത്തില്‍ കിടക്കുന്നത്‌ മനസ്സില്‍ മിന്നിത്തെളിഞ്ഞു…

പക്ഷെ വണ്ടി ഇടിച്ചില്ല…

ലോറിക്ക്‌ അര ഇഞ്ച്‌ മുമ്പില്‍ വന്ന് നിന്നു !

കണ്ണിനു മുന്നില്‍ നടന്ന അത്ഭുതം കണ്ട്‌ അവന്‍ മുകളിലേക്ക്‌ കൈകള്‍ ഉയര്‍ത്തി, “എല്ലാം പടച്ചോണ്റ്റെ കൃപാ കടാക്ഷം…”, എന്നിട്ട്‌ സത്താറിക്കയെ നോക്കി…

അയാള്‍ അവണ്റ്റെ മുഖത്ത്‌ രണ്ട്‌ കദിനാ പൊട്ടിച്ചിട്ട്‌ പറഞ്ഞു, “എടാ @#%@^@%! , ഇടതു വശത്ത്‌ സ്റ്റിയറിംഗ്‌ ഇല്ലെങ്കിലും ക്ളച്ചും ബ്റേക്കും ഉണ്ടെടാ … ഇല്ലെങ്കില്‍ പടച്ചോനേ വിളിക്കാന്‍ ഇയ്യ്‌ ഇണ്ടാവില്ലാര്‍ന്നു… ”

പ്രശ്നം ഒതുക്കി തീര്‍ത്ത്‌ അവിടുന്ന് നീങ്ങുമ്പൊ സത്താറിക്ക പറഞ്ഞു, “അനക്ക്‌ ഇള്ള പണി ഇജ്ജ്‌ ആദ്യം തീര്‍ക്ക്‌…. എന്നിട്ട്‌ മറ്റിള്ളവണ്റ്റെ നോക്കി പോയാ മതി മനസ്സിലായോടാ #%@&#%#$… ”

ശരിയാ…. മര്യാദെക്ക്‌ കുത്തിയിരുന്ന് സമയം കളയാതെ ആവശ്യമില്ലാത്ത പണിക്ക്‌ പോയ ഞങ്ങള്‍ അനുഭവിക്കേണ്ടത്‌ തന്നെയെ അനുഭവിച്ചുള്ളു…..

~ കര്‍ത്താവ്‌ അനുവദിച്ച്‌ തുടരും…

ഒരു കണക്കിനു കാന്‍്റ്റീനു മുന്നിലെത്തപ്പെട്ടു !

അവള്‍ടെ തൊട്ടടുത്ത്‌ തന്നെ നിലയുറപ്പിച്ച്‌ ശ്രദ്ധയാകര്‍ഷിക്കത്തക്കവിധത്തില്‍ കിളവന്‍ കടക്കാരനോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു,”2 ബോട്ടില്‍ ബിസ്ളെറി വാട്ടര്‍… ”

“മോവോനേ….ദൈവം അനുവദിച്ച്‌ എന്‍്റ്റെ ചെവിക്ക്‌ ഇതുവരെ പ്രശ്നമൊന്നുമില്ല…നീയായിട്ട്‌ കാറി പൊട്ടിക്കല്ലേ…ഇന്നാ പിടി വെള്ളം…20 രൂപ… ”

അപ്പുറത്ത്‌ നിന്ന തരുണീമണികളുടെ ചിരി കേട്ട്‌…ദേ പിന്നേം പണി പാളി എന്നു വിചാരിച്ച്‌ ഇളിക്കാന്‍ തുടങ്ങിയ ഞാന്‍ അപ്പൊഴാ അവള്‍ടെ ചുണ്ടത്തെ പാല്‍ പുഞ്ചിരി ശ്രദ്ധിച്ചത്‌…

ഈ സിനിമയിലൊക്കെ കാണുന്ന പോലെ എണ്റ്റെ നെഞ്ചിന്‍്റ്റെയുള്ളില്‍ ഒരു മിന്നല്‍ കടന്നു പോയിട്ടാ….

എന്‍്റ്റെ മുഖത്തെ സന്തോഷം കണ്ട്‌ അവള്‍ പെട്ടെന്നാ ചിരിയങ്ങ്‌ നിര്‍ത്തിക്കളഞ്ഞു ….

ഞാന്‍ വിടുമോ.. !!?

അവളെ വീണ്ടും ചിരിപ്പിച്ചേ മതിയാകു എന്നു മനസ്സില്‍ ഉറപ്പിച്ച്‌ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച്‌,”ഹാ വിടളിയാ…ധൃതിയില്‍ വോള്യം കൂടി പോയതല്ലേ…ചേട്ടനെ കണ്ടാലറിയില്ലേ കോളേജില്‍ നിന്നെറങ്ങീട്ട്‌ അധികമായിട്ടില്ലെന്ന്‌…. ”

(“കെളത്താതെ.. കെളത്താതെ” എന്ന പുച്ച്ഛ ഭാവം പ്രകടിപ്പിച്ച്‌ അങ്ങേര്‍ പൈസ മേടിച്ച്‌ പെട്ടീലിട്ടു !)

അല്ല ഞാന്‍ അങ്ങേരെ ചിരിപ്പിക്കാനല്ലല്ലൊ ഡയലോഗ്‌ അടിച്ചെ…മ്മടെ രാജകുമാരിക്ക്‌ വേണ്ടിയല്ലെ എന്നാലോജിച്ച്‌ അവള്‍ടെ ചിരി പ്രതീക്ഷിച്ച്‌ നോക്കുമ്പൊ കണ്ടത്‌ ഒരു ചെറു പൊട്ടിച്ചിരി…

“മോാനേ…മനസ്സില്‍ ലഡ്ഡു പൊട്ടി…. “(*ആത്മഗതം തന്നെ)

അല്ലേലും ഈ പെണ്‍പിള്ളേര്‍ ഇങ്ങനാ..ചളി കോമഡിക്ക്‌ തന്നെ ചിരിക്കും…. നമ്മള്‍ക്ക്‌ കൂടുതല്‍ പ്രതീക്ഷ തന്നോണ്ടിരിക്കും !!

അവളെന്നെ ശ്രദ്ധിക്കുന്നു എന്നു കണ്ടതോടെ എന്നിലേ ജാഡക്കാരന്‍ ഉണര്‍ന്നു….മൈന്‍ഡ്‌ ചെയ്യാതെ തലയും വെട്ടിത്തിരിച്ചൊരു നടത്തം….സ്റ്റെപ്പ്‌ കയറുമ്പൊ അധികം മുന്നിലായിപ്പോവാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു…

ഡോറിന്‍്റ്റെ അടുത്തെത്തിയപ്പോഴാ അമളി ഓര്‍ത്തെ…കര്‍ത്താവേ ആ കാലന്‍മാരുടെ കൂടെയല്ലെ എനിക്കിരിക്കാന്‍ പറ്റു !!ഞാന്‍ തെണ്ടിയത്‌ തന്നെ…അപ്പൊപ്പിന്നെ അവളെ ഇനി ഒരുനോക്ക്‌ കണ്ടിട്ടും വല്യ കാര്യമില്ലെന്ന്‌ മനസ്സിലുറപ്പിച്ച്‌ തിരിഞ്ഞ്‌ നോക്കാതെ മുറി ടിക്കറ്റും പിടിച്ച്‌ അകത്ത്‌ കടന്നു…

ദുഷ്ടന്‍മാര്‍…അവന്‍മാരെല്ലാം കൂടെ പുറകില്‍ നിന്ന്‌ രണ്ടാമത്തെ റോയില്‍ സീറ്റ്‌ ഉറപ്പിച്ചിട്ടുണ്ട്‌… എന്നിട്ടെനിക്ക്‌ അവന്‍മാരുടെ പുറകില്‍ സീറ്റ്‌ പിടിച്ചിരിക്കുന്നു !ഞാന്‍ 1 കുപ്പി വെള്ളം അവന്‍മാര്‍ക്ക്‌ കൊടുത്ത്‌ … ആഹ്‌ ഇനി പടമെങ്കിലും നന്നായാ മതിയാരുന്നുവെന്ന്‌ വിചാരിച്ചിരുന്ന്‌ പതിവുപോലെ മൊബൈലില്‍ കുത്തിക്കളിക്കുമ്പൊ പിന്നെയും ദൈവത്തിന്‍്റ്റെ വക റ്റ്വിസ്റ്റ്‌ !!

ദേ ലവളും ഫാമിലിയും എണ്റ്റെ റോയിലേക്ക്‌ മന്ദം മന്ദം കടന്നു വരുന്നു… !!

കര്‍ത്താവിനു സ്തോത്രം അര്‍പ്പിച്ചേലും എന്തായാലും പ്രായം തികഞ്ഞ ഒരു പെണ്‍കൊച്ചിനെ എന്നെ പോലെ ഒരു സുമുഖന്‍്റ്റെ അടുത്തിരുത്തില്ലെന്ന്‌ എനിക്കുറപ്പായിരുന്നു…

ആ വിഷമത്തില്‍ ജാഡ തുടരുന്നതിനിടയില്‍ ഒളികണ്ണിട്ട്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച സത്യമാണെന്നറിയാന്‍ നുള്ളി നോക്കേണ്ടി വന്നു !

ഞങ്ങള്‍ക്കിടയില്‍ ഒരു പത്തു വയസ്സ്‌ തോന്നിക്കുന്ന അവള്‍ടെ ഒരനിയന്‍(ആവണം) മാത്രം !!

“മോാനേ…മനസ്സില്‍ മറ്റൊരു ലഡു പൊട്ടി… “ഉം…ഇന്നെന്തെങ്കിലുമൊക്കെ നടക്കുമെന്ന്‌ മനസ്സില്‍ ഉറപ്പിച്ച്‌ ഞാന്‍ ജാഡ തുടര്‍ന്നു…

ഇനി മൊബൈലും കുത്തിപ്പിടിച്ചിരിക്കുന്നത്‌ കണ്ടിട്ട്‌ എനിക്ക്‌ പൂര്‍വ്വ കാമുകിമാരുണ്ടെന്ന അനുമാനത്തില്‍ അവളെത്താതിരിയ്ക്കാന്‍ ഞാന്‍ ഹെഡ്സെറ്റ്‌ ചെവിയില്‍ കുത്തി കണ്ണടച്ച്‌ പാട്ടാസ്വദിച്ച്‌(ഹാഹാ..ഹാ…പാട്ടൊന്നും വെച്ചില്ല..ആഹ്‌ അങ്ങനെ അഭിനയിച്ച്‌..) ഇരിപ്പായി…

എനിക്കാ മധുരശബ്ദം കേള്‍ക്കാം…മൊബൈല്‍ സ്ക്രീനില്‍ കണ്ണടിയിലൂടെ കാണുന്ന പോലെ ആ പ്രതിബിംബം ആസ്വദിക്കാം….. ചറ പറാ സംസാരത്തിനിടയില്‍ ഇടെയ്ക്കെപ്പോഴോ ആ ബിംബം എന്നെ ഒന്നു നോക്കി… പാവം എന്നിലെ മണ്ടന്‍ ഉണര്‍ന്നു…ഞാന്‍ ചാടിക്കേറി തിരിച്ചൊരു നോട്ടം പാസ്സാക്കി…. അത്‌ മണ്ടത്തരമായിപ്പോയി എന്നു മനസ്സിലാക്കും മുമ്പ്‌ അവള്‍ മുഖം തിരിച്ച്‌ കളഞ്ഞു !

ഗുലുമാല്‍… ധിപ്പൊ ലവള്‍ക്ക്‌ മനസ്സിലായി ഞാന്‍ അവളെ നോക്കിയിരുപ്പാന്ന്‌ !!

“കര്‍ത്താവേ…..സമയത്തിന്‍്റ്റെ ആര്‍ക്കോ വേണ്ടിയുള്ള ഈ ഓട്ടം ഒന്ന്‌ നിന്നിരുന്നേല്‍…പടം തുടങ്ങാന്‍ വൈകണേ….

“ശവം…സ്വപ്നം വൃഥാവിലാക്കി 2:45ന്‌ തന്നെ പടം തുടങ്ങി….

“ശ്ശെ….നാശം….അവന്‍്റ്റെ അമ്മായിയമ്മേ കെട്ടിക്കാനൊരു പടം….”,എന്നു പൊറുപൊറുത്തുകൊണ്ട്‌ ഞാന്‍ സ്വല്‍പം ചരിഞ്ഞ്‌ പിറകിലേക്ക്‌ ചാഞ്ഞിരുന്ന്‌ സിനിമയും അവളേയും കാണത്തക്കവിധത്തില്‍ ഇരിപ്പുറപ്പിച്ചു…

ചെറു കോമഡികള്‍ക്ക്‌ അവള്‍ ചിരിക്കുമ്പോ ഞാനും ചിരിച്ചു…ചില നേരങ്ങളില്‍ പെട്ടെന്നു വിഷമിക്കുമ്പോള്‍ അതുപോലെ തന്നെ ഞാനും….. ശരിക്കും ഇവള്‍ക്കുവേണ്ടി എന്ത്‌ ത്യാഗവും ചെയ്യാനായി മനസ്സ്‌ തയ്യാറെടുക്കുന്ന മട്ടുണ്ടല്ലോ…. ഇവളെന്‍്റ്റെ സ്വന്തം എന്നു മനസ്സുരുവിടുന്ന പോലെയായി ഹൃദയമിഡിപ്പ്‌ വരെ….

സമയം കൈവിട്ട കളി കളിച്ച്‌…ഇന്‍്റ്റര്‍വെല്‍ ആക്കി… അവിടെയും വിചാരിച്ച പോലെ എന്‍്റ്റെ തയ്യാറെടുപ്പുകള്‍ ഒക്കെ വേസ്റ്റ്‌…. അവള്‍ പിള്ളേരുടെ കൂടെ പുറത്തേക്ക്‌ പോയിക്കളഞ്ഞു !!

പടം തുടങ്ങിക്കഴിഞ്ഞാ തിരിച്ചു കയറിയെ….

(*ആത്മഗതം)”എടീ…ഉത്തരവാദിത്വം വേണം.. എത്ര നേരായി ഞാന്‍ ഇവിടെ നീ ഇല്ലാതെ ഞെരിപിളി കൊള്ളുന്നു !! ”

പിന്നെ എന്തോ അവള്‍ വല്യ താത്പര്യമില്ലാതെയാ കണ്ടുതീര്‍ത്തെ… ഇടെയ്ക്ക്‌ അനിയന്‍്റ്റെ മടിയിലേക്ക്‌ ചാഞ്ഞ്‌ കിടന്നപ്പോഴേക്ക്‌ എനിക്കാകെ വയ്യാതായി…

(*ആത്മഗതം),”എന്തായിരിക്കും എന്‍്റ്റെ കുട്ടിക്ക്‌… ”

ഞാന്‍ ആ ചെക്കനോട്‌ ചോദിച്ചു,”എന്താ മോനേ ചേച്ചിക്ക്‌…!!? വെള്ളം വേണോന്ന് ചോദിക്ക്‌… ”

“ഏയ്‌…ഇത്‌ ചേച്ചിക്ക്‌ ഇങ്ങനെ ഇടയ്ക്ക്‌ വരാറുള്ളതാ….ചെറിയ തലവേദന… “,എന്നും പറഞ്ഞ്‌ മുഴുമിക്കുന്നതിനു മുമ്പ്‌ അവന്‍്റ്റെ ശ്രദ്ധ വീണ്ടും പടത്തിലേക്ക്‌ മാറി…

എനിക്കാണേല്‍ ഒരു സമാധാനവും ഇല്ലാതായി….

അപ്പോള്‍ അവളതിന്‌ ആ മടിയില്‍ കിടന്ന് ,”നോ…താങ്ക്സ്‌…”,എന്ന് ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു….

മനസ്സില്‍ ലോകം കീഴടക്കിയ സന്തോഷം….

ക്ളൈമാക്സ്‌ ഫൈറ്റൊക്കെ വളരെ ടെന്‍ഷന്‍ അടിച്ച്‌ പരവശനായാ ഞാന്‍ കണ്ടുതീര്‍ത്തെ(അയ്യേ..അവളെ പിരിയണമെന്നോര്‍ത്തിട്ട്‌…അല്ലാതെ പടത്തില്‍ ഒരു മാങ്ങാത്തൊലിയും ഉണ്ടായിട്ടല്ല ! )……

(((തുടരും…. )))

ലങ്ങനെ തുടര്‍ച്ചയായ നാലാം നാളും ഈ കൊച്ചച്ചായന്‍ ഒരു പോസ്റ്റ്‌ പോസ്റ്റുന്നു…എന്‍്റ്റെ ബ്ളോഗ്‌ ഒരോരുത്തരെ കളിയാക്കാനായിട്ടാണെന്നോരു ‘തെറ്റിദ്ധാരണ്‍’ എല്ലാര്‍ക്കുമുണ്ട്‌..ധതുകൊണ്ട്‌ ധിത്‌ ആക്ഷേപഹാസ്യവും കോപ്പുമൊന്നുമല്ല… എന്‍്റ്റെ അനുഭവം…

ഇന്നു ഞാനൊരു പടത്തിനു പോയി…പോക്കിരിരാജയ്ക്ക്‌ ശേഷം മ്മടെ വൈശാഖ്‌ ചെയ്ത ‘സീനിയേര്‍സ്‌’….ലവന്‍ കൊച്ചുപയ്യനായതിന്‍്റ്റെ (ഈ സിനിമാ ഫീല്‍ഡിലാട്ടോ…പ്രായമനുസരിച്ച്‌ ഞാനാ പയ്യന്‍സ്‌) കാണാനുണ്ടായിരുന്നു…വക്കീലന്‍മാരായ സച്ചീം സേതുവും എഴുതിയ ഉഗ്രന്‍ ഫാസ്റ്റ്‌ ഹാഫ്‌ തരുന്ന പ്രതീക്ഷ സെക്കന്‍ഡ്‌ ഹാഫില്‍ വെറുതെയാന്ന് തോന്നും !! ച്ചെ… കഷ്ടം ഇവരെന്‍്റ്റടുത്ത്‌ തിരക്കഥ തന്നിരുന്നേല്‍ ഞാന്‍ തിരുത്തി കൊടുക്കുമായിരുന്നല്ലോ !!?

ഹല്ലാ…ഞാന്‍ ഇപ്പൊ ഇവിടെ സിനിമാ അവലോകനം നടത്താനല്ലല്ലൊ ഈ ലാപ്പും തുറന്നിരിക്കുന്നെ….ഞാന്‍ പറഞ്ഞ്‌ വന്നതെന്താന്നറിയോ…!!? ധിപ്പടം കാണാന്‍ വിരസമായി ക്യൂ വില്‍ നിള്‍ക്കുമ്പൊ കുറേ കാലം മുമ്പ്‌ ചവറ്‌ ‘പാപ്പീം അപ്പച്ചനേം’ കാണാന്‍ പോയത്‌ ഓര്‍മ്മ വന്നു… (*രോമാഞ്ചം )

അതെങ്ങനയൊക്കെയോ തട്ടീം മുട്ടീം ഓടുന്ന കാലം..

2-3 വാല്‍മാക്രികള്‍ കൂടെയൊണ്ട്‌…എങ്കിലും ഞാനാ ടിക്കറ്റെടുക്കാന്‍ നിന്നെ…ലൈനിന്‍്റ്റെ സൈഡില്‍ കൂടെ നടക്കുന്ന നമ്മടെ പിള്ളേരോട്‌ കാര്യമില്ലാത്ത കാര്യങ്ങള്‍ക്ക്‌ കത്തിവെച്ചോണ്ടിരിക്കുമ്പൊ അവന്‍മാരുടെ ഭീകര തലകള്‍ക്കിടയിലൂടെ ഞാന്‍ അവളെ കണ്ടു…

ഇങ്ങള്‍ടെ ഭാഷയില്‍ ബല്യ ഐശ്വരാ റായിയൊന്നുമല്ലാട്ടൊ…പക്ഷെ എന്തൊ ഒരു പ്രത്യേകതയുണ്ടായിരുന്നു…അവളുടെ ആ കണ്ണിമയ്ക്കും മുടിയിഴകള്‍ക്കും എന്തോ ഒരു കാന്തികശക്തിയുണ്ട്ട്ടാ…

ബാക്കിയുള്ള ക്രോണിക്ക്‌ വായിനോക്കികളെ പോലെയല്ല ഞാന്‍… അതുകൊണ്ടു തന്നെ ആദ്യതവണ കണ്ണുകള്‍ പരസ്പരം ഉടക്കിയെങ്കിലും ഞാന്‍ പിന്നീട്‌ ശ്രമങ്ങളൊന്നും നടത്തിയില്ല !!

ഞാനും മനുഷ്യനല്ലേ അങ്ങനങ്ങോട്ട്‌ പിടിച്ച്‌ നില്‍ക്കാന്‍ പറ്റുവോ…ബാക്കിയുള്ള കിഴങ്ങന്‍മാരെല്ലാം ആരെയൊക്കെയോ വായിനോക്കുന്ന നേരമെല്ലാം അറിയാതെ ഞാന്‍ ആ കണ്ണിലേക്ക്‌ നോക്കിപ്പോവുകയാ….കര്‍ത്താവേ കണ്‍ട്റോള്‍ തരണേന്നു പ്രാര്‍ത്ഥിക്കുമ്പൊത്തന്നെ ഒളികണ്ണിട്ട്‌ ഞാന്‍ നോക്കി പോവ്വാ…

ഊപ്പിരി പിള്ളേരെ കളിപ്പിച്ചോണ്ട്‌ നില്‍ക്കുന്ന അവളുണ്ടോ എന്‍്റ്റെ വിഷമം മനസ്സിലാക്കുന്നു !!

അല്ലേലും ആണുങ്ങള്‍ടെ വിഷമവും ആത്മാര്‍ത്ഥതയും പെണ്ണുങ്ങള്‍ മനസ്സിലാക്കിയിരുന്നേല്‍ അത്‌ ലോകത്തിന്‍്റ്റെ നിലനില്‍പ്പിനെത്തന്നെ ബാധിച്ചേനേ…

എന്‍്റ്റെ ജീവിതത്തില്‍ ഇത്‌ ആദ്യമായ കൊണ്ട്‌(ഹ ചിരിക്കല്ലേ…അമ്മച്ചിയാണേ നേര്‌..) എന്ത്‌ ചെയ്യണമെന്നും അറിയില്ല.. ആകെ ഒരു വെപ്റാളം !!

പണ്ടാരടങ്ങാനായിട്ട്‌ ദേ ക്യൂ തീരാറായി…ഉള്ളില്‍ കേറി കഴിഞ്ഞാല്‍ പിന്നെ ഈ കണ്ടുമുട്ടല്‍ ചരിത്രമാവുമെന്ന സത്യം മനസ്സിലേക്ക്‌ വന്നതോടെ ചങ്കിടിപ്പ്‌ ഡബിള്‍ സ്റ്റ്റോങ്ങായിട്ട്‌ സാംബാ താളത്തില്‍ മുഴങ്ങാന്‍ തുടങ്ങി….

“ഗെഡീ…എത്രെണ്ണം വേണം… !?”

“ങേ…!?”,ടിക്കറ്റ്‌ വില്‍ക്കുന്ന ആ മഹാന്‍്റ്റെ ചോദ്യത്തിനു മുന്നില്‍ ഞാന്‍ പകച്ചു പോയി.

“ടിക്കറ്റ്‌…ടിക്കറ്റേ…. ”

ഒരു ഇളി ഇളിച്ചുകൊണ്ട്‌ ഞാന്‍,”ഇപ്പൊ 3 എണ്ണം മതി ചേട്ടാ.. ! ”

ടിക്കറ്റും വാങ്ങി അകത്തേക്ക്‌(ബാല്‍ക്കണിയാട്ടോ)… അവളിരിക്കുന്ന ആ പടികളിലൂടെ തന്നെ അവസാനമായി ഒരു നോട്ടം കൂടി പായിച്ച്‌ ഞാന്‍ മിന്നി മറഞ്ഞു…

ഇല്ലാ മറഞ്ഞില്ലാ…ലവള്‍ ദേ എന്നെ ഒന്നു നോക്കി !

പുല്ല്‌…

മര്യാദയ്ക്ക്‌ എല്ലാം മറക്കേണ്ട ഞാനാ…ധിതാ പെണ്ണുങ്ങള്‍ടെ പ്രശ്നം സമയമില്ലാ സമയത്തെ മറുപടി തരു(ആഹ്‌ എക്സ്പീരിയന്‍സ്‌ ഇല്ലാത്ത എനിക്ക്‌ ആ നോട്ടം ഒരു അടാര്‍ മറുപടി തന്നായിരുന്നു !!)….

ഞാന്‍ അവിടെ സഡന്‍ ബ്റേക്കിട്ടു…

“എന്താടാ… !?”

“ഭയങ്കര ദാഹം…ഞാന്‍ എന്തേലും കുടിച്ചിട്ട്‌ വരാം… ”

“ഭാ..നീയല്ലേടാ കോപ്പേ കുറച്ച്‌ മുമ്പ്‌ നിന്‍്റ്റെ കയ്യില്‍ പൈസയില്ലാന്നു പറഞ്ഞെ…ധിപ്പൊ നീയെന്താ പോക്കറ്റടിച്ചോ… !!!?”

ആ വീണേടത്ത്‌ കിടന്നു ഉരുണ്ടുകോണ്ട്‌…,”അല്ലാ..അത്‌…ഈ… ആഹ്‌ ഞാന്‍ ഇപ്പൊഴാ മെസ്സ്‌ ഫീടെ ബാക്കി പ്ഴ്സിലുള്ള കാര്യം ഓര്‍ത്തെ !”

അപ്പോഴേക്കും അവള്‍ അവിടുന്ന് എണീറ്റു… ഏതോ അന്‍്റ്റി അവര്‍ക്കൊക്കെ ടിക്കറ്റ്‌ എടുത്ത്‌ മടങ്ങി വന്നിരിക്കുന്നു….

പെട്ടെന്ന് തന്നെ ഞാന്‍ കളം മാറ്റി ചവിട്ടി,”അല്ലെങ്കില്‍ വേണ്ട…എന്തിനാ ഇപ്പൊ വെറുതെ ഒരു പാഴ്‌ചെലവ്‌… !!?”

“ബ്ളഡി ഫൂള്‍…വടിയാക്കുന്നോ…നിനക്ക്‌ ദാഹിക്കുന്നില്ലേല്‍ ഞങ്ങള്‍ക്കൊണ്ട്‌…ഞങ്ങള്‍ സീറ്റ്‌ പിടിക്കാം..2 കുപ്പി തണുത്ത വെള്ളോം കൊണ്ടേ അങ്ങോട്ട്‌ വന്നേക്കാവു…എ സി ഇല്ലാതെ ഈ രണ്ടര മണിക്കൂറ്‍ സഹിക്കെണ്ടേ…ഇന്നു നിന്‍്റ്റെ ചെലവാന്നുപറഞ്ഞാ വിളിച്ചോണ്ട്‌ വന്നേക്കുന്നെ….പോടാ… ”

“ഓ ഏത്‌ നേരത്താണോ ഈ കാലന്‍മാരെ ഞാന്‍ കൂട്ടിനു വിളിച്ചത്‌….നാശം…കര്‍ത്താവേ എന്നോടെന്തിനീ ക്രൂരത…ഞാന്‍ പാവമല്ലേ….”(;-D… അതെ ആത്മഗതം തന്നെ ആയിരുന്നു !)

ധവിടെയാണ്‌ ദൈവത്തിന്‍്റ്റെ കളി…ആാ കൊച്ചും (ഹാ മ്മടെ നായികയേ…) ബാക്കി വാനരപ്പടേം കൂടെ ദേ കാന്‍്റ്റീനിലേക്ക്‌ പോണു…

ഞാന്‍ വിടുമോ…

അക്ഷരാറ്‍ത്ഥത്തില്‍ പറന്നു…ധവള്‍ടെ ഒപ്പമെത്താന്‍….

(((തുടരും…. )))

ഇപ്പൊ ഞാന്‍ ഒരു യാത്രയിലാ…മ്മടെ കെ.എസ്‌.ആര്‍.ടി.സി. ആന വണ്ടിയിലാ പോക്ക്‌… ഏറ്റവും മുന്നില്‍ ഒരു ഒറ്റ സീറ്റ്‌ കിട്ടി…അതായത്‌ ഡ്റൈവറുടെ ഇടതുവശത്ത്‌…യാത്ര ബോറടിച്ച്‌ തുടങ്ങിപ്പോള്‍ തോന്നി ഇതാണ്‌ ഉദ്ഘാടനബ്ളോഗിനു പറ്റിയ സമയമെന്ന്…വഴി നീളെ എനിക്ക്‌ പ്രതികരിക്കണം എന്ന്‌ തോന്നിയ ഒരു കാര്യം പറയട്ടേ… വായിച്ചിട്ട്‌ കന്നി സംരംഭത്തില്‍ തന്നെ എന്നെ കൈയ്യൊഴിയല്ലേ …പ്ളീസ്‌… ഞാന്‍ മെല്ലെ മെച്ചപ്പെട്ടോളും !!

‘പുളിമൂട്ടില്‍’ സില്‍ക്ക്സിന്‍്റ്റെ ഫ്ളെക്സ്‌ ബോര്‍ഡ്‌ 3-4 എണ്ണം ഹൈവേയില്‍ കണ്ടു..അഭിനവ്‌ ബ്രൈഡല്‍ കളക്ഷന്‍്റ്റെതാണ്‌ പരസ്യം…മോഡല്‍ ഭാവന !! ന്‍്റ്റെ പൊന്നോ….മഹാ അപലക്ഷണം കെട്ട പോസ്‌….

അപ്പുറത്ത്‌ വണ്ടി നിയന്ത്രിക്കുന്ന താടി നരച്ചുതുടങ്ങിയ ഡ്റൈവര്‍ വരെ അവള്‍ടെ വായീനോക്കിയാ സ്റ്റിയറിംഗ്‌ തിരിക്കണെ…അപ്പൊ യുവാക്കള്‍ടെ കാര്യം പറയണൊ..!! കര്‍ത്താവേ ഈ താടിയെന്നല്ല ആരും തന്നെ ഇത്‌ നോക്കി എവിടെയും കൊണ്ടുപോയി ചാറ്‍ത്താന്‍ ഇടവരുത്തല്ലേ…

പഞ്ച പാവമായി വന്നിട്ട്‌ ഇപ്പൊ തുണി അലര്‍ജി ആയി തുടങ്ങിയ ഭാവനയെ പറഞ്ഞിട്ട്‌ കാര്യമില്ല… അത്‌ പോട്ടെ !!

റ്റെക്സ്റ്റൈല്‍സുകാരോട്‌ എനിക്ക്‌ ചോദിക്കാന്‍ ഉള്ളത്‌…”ഈ ആറ്റം ബോംബ്‌ ഐറ്റമൊക്കെ ഇത്ര വലുപ്പത്തില്‍ 10 – 20 എണ്ണം സ്ഥാപിച്ചാലെ നിങ്ങക്ക്‌ തുണി വിറ്റഴിക്കാന്‍ പറ്റുള്ളൊ !!? അതോ…ങ ഒന്നൂല്ല..

ഒക്കെ പോട്ടെ…ബ്രൈഡല്‍ എന്നു പറഞ്ഞ്‌ തന്നെയല്ലെ ഇത്‌ ഇറക്കുന്നെ… അല്ല ഇത്രക്ക്‌ അലമ്പ്‌ ഡ്രസ്സ്‌ കല്യാണത്തിണ്റ്റെ അന്ന്‌ കേരളത്തില്‍ ഏത്‌ പെണ്ണാ ധരിക്കുക !!? ഇനി ഇട്ടാല്‍ കല്യാണപ്പന്തല്‍ പൂരപ്പറമ്പ്‌ ആവൂല്ലൊ !!!??? ”

ഒരോ തവണയും അവള്‍ടെ ഫോട്ടോ നോക്കി പണ്ട്‌ സിനിമേലൊക്കെ നായികയെ നോക്കി ഉമ്മര്‍ കള്ളച്ചിരി ചിരിച്ചപോലെ ചിരിക്കുന്ന മ്മടെ താടി വണ്ടി ഓടിക്കുന്നതുകൊണ്ടാ ഞാന്‍ ബസ്സിലിരുന്നു തന്നെ ബ്ളോഗ്‌ പോസ്റ്റിക്കളയാം എന്നു വെച്ചത്‌ ! ജീവനോടെ ഈ താടി എന്നെ സ്റ്റാന്‍ഡില്‍ എത്തിച്ചാല്‍ കര്‍ത്താവനുവദിച്ച്‌ ഞാന്‍ ഇനിയും ബ്ളോഗാം…എന്നെ നിങ്ങള്‍ കൈവിടില്ലെന്നു വിശ്വസിച്ചുകൊണ്ട്‌…

സ്വന്തം വടക്കന്‍ അച്ചായന്‍